
ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബാഹുബലി-ദ ബിഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായിരുന്നു ചിത്രം. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണെന്നാണ് വിവരം. ആരാധകരുടെ നിരന്തര ആവശ്യപ്രകാരമാണ് സിനിമ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്. ചിത്രം 2025 ജൂലൈ 10 ന് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.
Content Highlights: Bahubali returns to theaters on its 10th anniversary