
മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുണ്ടാകൂ… മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്ന് ആരംഭിക്കുമെന്നതിനായി ഏവരും കാത്തിരുപ്പിലുമാണ്. ഈ കാത്തിരിപ്പുകൾക്കിടയിൽ സിനിമയുടെ ഓൺലൈൻ ബുക്കിംഗ് സംബന്ധിച്ച് നടന്ന ഒരു അബദ്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു പ്രമുഖ ഓൺലൈൻ ബുക്കിംഗ് ആപ്പിൽ സിനിമയുടെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് സ്ലോട്ട് അബദ്ധവശാൽ തുറക്കുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത് തിരിച്ചറിയുകയും സ്ലോട്ട് ക്ലോസ് ചെയ്യുകയുമുണ്ടായി. എന്നാൽ ഈ സമയത്തിനുള്ളിൽ നിരവധിപ്പേർ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന. എമ്പുരാന് മേൽ ആരാധകർ വെച്ചിരിക്കുന്ന പ്രതീക്ഷ ഈ സംഭവം വ്യക്തമാക്കുന്നു എന്നാണ് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
അതേസമയം വിദേശ രാജ്യങ്ങളിലെ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്.
കേരളത്തിന് പുറത്തും സിനിമയ്ക്ക് റെക്കോർഡ് കളക്ഷൻ സ്വന്തമാക്കാൻ പറ്റുമെന്ന റിപ്പോർട്ടുകളും എത്തുന്നുണ്ട്. മാർച്ച് 27 ന് രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
Content Highlights: Empuraan booking slots were opened by mistake