
ലൂസിഫറിന് മുന്‍പേ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ്. എന്നാല്‍ അതേ സമയത്ത് മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചിത്രത്തിനായി തനിക്ക് പോകേണ്ടി വന്നെന്നും അതിനാല്‍ സംവിധാനം എന്ന സ്വപ്‌നം താത്കാലികമായി ഉപേക്ഷിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ആ തീരുമാനം നന്നായെന്ന് സിറ്റി ഓഫ് ഗോഡ് കണ്ടപ്പോള്‍ തനിക്ക് തോന്നിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ സിറ്റി ഓഫ് ഗോഡ് ഇത്ര മനോഹരമാകുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പങ്കുവച്ചത്.
‘ലൂസിഫറിന് മുമ്പ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യേണ്ടതായിരുന്നു. സിറ്റി ഓഫ് ഗോഡായിരുന്നു ആ ചിത്രം. അതിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് സംവിധാനം ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് മണിരത്‌നം എന്നെ രാവണനിലേക്ക് വിളിച്ചത്. അദ്ദേഹത്തെപ്പോലൊരു ലെജന്‍ഡിന്റെ സിനിമയോട് നോ പറയാന്‍ സാധിക്കില്ലല്ലോ.
സംവിധാനം എന്ന സ്വപ്‌നം ഞാന്‍ താത്കാലികമായി ഉപേക്ഷിച്ചു. എന്നാല്‍ ആ തീരുമാനം ശരിയാണെന്ന് 'സിറ്റി ഓഫ് ഗോഡ്' കണ്ടപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ മനസില്‍ കണ്ടതിനെക്കാള്‍ മനോഹരമായി ലിജോ ആ സിനിമ ചെയ്തുവെച്ചു. ഒരുപക്ഷേ, ഞാനാണ് ആ സിനിമ സംവിധാനം ചെയ്തിരുന്നെങ്കില്‍ ഇത്ര മനോഹരമാകില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlights: Prithviraj says he was planning to direct another film before Lucifer