'ഞാന്‍ ആദിയും അന്തവുമാണ്'; ചുമ്മാ നട്ടുച്ചയ്ക്ക് എമ്പുരാൻ ട്രെയ്‌ലർ പുറത്തുവിടുകയല്ല, അതിലും ബ്രില്യൻസുണ്ട്

ട്രെയ്‌ലർ പുറത്തിറങ്ങുന്ന സമയത്തിൽ പോലും ഒരു ബ്രില്യൻസ് ഒളിപ്പിച്ചുവെക്കുകയാണ് എമ്പുരാൻ ടീം എന്നും ആരാധകർ പറയുന്നു

dot image

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകൾ കീറിമുറിച്ച് അതിലെ ബ്രില്യൻസുകൾ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ ട്രെയ്‌ലർ അനൗൺസ്‌മെന്റ് നടന്നപ്പോൾ അവിടെയും എമ്പുരാൻ ടീം സിനിമാപ്രേമികൾക്കായി ഒരു സർപ്രൈസ് കാത്തുവെച്ചിരുന്നു.

സാധരണ സിനിമകളുടെ ട്രെയ്‌ലർ വൈകിട്ട് ആറു മണി, ഏഴു മണി സമയങ്ങളിലാണ് പുറത്തുവിടാറുള്ളത്. പക്ഷെ എമ്പുരാന്‍റെ ട്രെയ്‌ലർ പുറത്തെത്തുന്നത് നാളെ ഉച്ചയ്ക്ക് 1 : 8 നാണ്. എന്തുകൊണ്ടാണ് കൃത്യം ഈ സമയത്ത് തന്നെ ട്രെയ്ലർ എത്തുന്നത് എന്നത് സംബന്ധിച്ച് ആരാധകർ വലിയ ആകാംക്ഷയിലുമായിരിക്കുകയാണ്. ഈ സമയത്തിന് പിന്നിലെ കൗതുകം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. ഇതിന് ബൈബിളുമായി ബന്ധമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിലെ ഒന്നാം അധ്യായം എട്ടാം വാക്യത്തെ ഖുറേഷി അബ്‌റാമുമായി ചേർത്തുവായിക്കുകയാണ് ആരാധകർ.

'ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്' എന്നാണ് ആ വാക്യം. ഖുറേഷിക്ക് നൽകാൻ ഇതിലും നല്ല ആമുഖം ഇല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങുന്ന സമയത്തിൽ പോലും ഒരു ബ്രില്യൻസ് ഒളിപ്പിച്ചുവെക്കുകയാണ് എമ്പുരാൻ ടീം എന്നും ആരാധകർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളിലും ആരാധകർ ഇത്തരത്തിൽ പല ബ്രില്യൻസുകളും കണ്ടെത്തിയിരുന്നു. മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് എമ്പുരാൻ ടീം പങ്കുവെച്ച പോസ്റ്ററിലും ഒരു വമ്പൻ ബ്രില്യൻസ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്ററിൽ IMAX എന്ന് എഴുതിയിരിക്കുന്നതിലെ 'A'യിൽ തൃകോണത്തിനുള്ളിൽ ഒരു കണ്ണ് കാണാൻ സാധിക്കും. ഇത് ഇല്ലുമിനാറ്റിയുടെ ചിഹ്നമാണ് എന്നാണ് പറയപ്പെടുന്നത്. ഇതുകൊണ്ടും കഴിയുന്നില്ല, ഐമാക്സിൽ ഒളിപ്പിച്ച ബ്രില്യൻസിനപ്പുറം മറ്റൊന്ന് കൂടി കാണാൻ കഴിയും. IMAX എന്ന് എഴുതിയിരിക്കുന്നതിലേക്ക് ഒരു വെളിച്ചം വീഴുന്നതായി കാണാം. ഈ വെളിച്ചത്തിനും ഒരു ത്രികോണാകൃതിയാണുള്ളത്.

അതിന് മുന്നേ അണിയറപ്രവർത്തകർ പുറത്തുവിട്ട 'ഒരു തോക്കും പിടിച്ചുകൊണ്ടുള്ള കൈകൾ കാണിച്ചുള്ള' പോസ്റ്ററിലും ഇത്തരമൊരു ബ്രില്യൻസുണ്ട്. ആ കൈകളിലെ തോക്ക് മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ പ്രിയപ്പെട്ട ഐവറി ഹാൻഡിൽഡ് റിവോൾവറാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതിന് ആധാരമായി ആരാധകർ കാണിക്കുന്നത് ലൂസിഫർ സിനിമയുടെ തിരക്കഥയുടെ പുസ്തകരൂപമാണ്.

ലൂസിഫറിന്റെ അവസാന ഭാഗങ്ങളിൽ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രത്തെ കൊലപ്പെടുത്തുന്നത് ഈ തോക്ക് കൊണ്ടാണ്. ആ രംഗത്തെക്കുറിച്ച് ലൂസിഫറിന്റെ തിരക്കഥയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, 'സ്റ്റീഫൻ സയീദിനെ നോക്കി. തടികൊണ്ടുള്ള ഗൺ കേസിൽ നിന്ന് സയീദ് സ്റ്റീഫന് തന്റെ പ്രിയപ്പെട്ട ഐവറി ഹാൻഡിൽഡ് റിവോൾവർ നൽകി'. ഈ തോക്ക് ലൂസിഫർ എന്ന പോലെ എമ്പുരാനിലും ഒരു പ്രധാന പങ്ക് വഹിക്കും എന്ന് തന്നെ ആരാധകർ ഉറപ്പിക്കുന്നുണ്ട്.

Content Highlights: Fans find a brilliance on the trailer date of Empuraan

dot image
To advertise here,contact us
dot image