
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.
ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകൻ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.
Content Highlights: Ponman movie trending after OTT release