
വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. 'ചിത്ത' സിനിമ കണ്ട ശേഷം സംവിധായകൻ അരുണ്‍കുമാറിന്റെ നമ്പര്‍ തേടി കണ്ടുപിടിച്ച് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് കോള്‍ വരുന്നതെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. വിക്രം ചിത്രമാണെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ഓക്കേ പറഞ്ഞു. സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം കാര്യമായൊന്നും മനസിലായില്ലെന്നും പിന്നീട് സെറ്റിൽ ചെന്നതിന് ശേഷമാണ് കഥ അറിയുന്നതെന്നും തമിഴ് ഡയലോഗുകൾ കുറച്ച് ബുദ്ധിമുട്ടിച്ചെന്നും സുരാജ് പറഞ്ഞു.
‘ഞാന്‍ ചിത്ത സിനിമ കണ്ട ശേഷം അരുണ്‍കുമാര്‍ സാറിന്റെ നമ്പര്‍ തേടി കണ്ടുപിടിച്ച് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് ഒരിക്കല്‍ എനിക്കൊരു കോള്‍ വരുന്നത്. പ്രൊഡക്ഷന്‍ കമ്പനിയായ എച്ച്.ആര്‍ പിക്‌ചേഴ്‌സില്‍ നിന്നായിരുന്നു ആ കോള്‍. ഷിബു സാറാണ് വിളിച്ചത്. ‘നിങ്ങളുടെ അടുത്ത് ഒരു കഥ പറയണമെന്നുണ്ട്. വിക്രം സാറിനെ വെച്ചിട്ട് ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിക്രം സാറിന്റെ പടമെന്ന് കേട്ടതും ഞാന്‍ ഞെട്ടി. ആരാണ് സംവിധായകനെന്ന് ഞാന്‍ തിരികെ ചോദിച്ചു.
Bro Veera Dheera Sooran has less Hype in Kerala.. 😴
— MrGK (@_Mr_GK369) March 19, 2025
Le Suraj : irunga bai 🥶🔥
VDS Interviews are Trending in Social media.I Think They are Much Confident in their project !! 🥳💥#VeeraDheeraSooran pic.twitter.com/2w2DLqe0AJ
അരുണ്‍കുമാര്‍ സാറാണെന്ന് പറഞ്ഞതും ‘അയ്യോ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വീര ധീര സൂരന്‍ സിനിമയിലേക്ക് എത്തുന്നത്. അന്ന് അരുണ്‍കുമാര്‍ സാറാണ് എന്നോട് കഥ പറഞ്ഞത്. അദ്ദേഹം സിനിമയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഞാന്‍ എല്ലാത്തിനും ഓക്കെയും പറഞ്ഞു. എനിക്ക് ശരിക്കൊന്നും മനസിലായില്ല. എല്ലാം കേട്ടതോടെ ഈ കഥാപാത്രത്തിന് ഞാന്‍ ഓക്കെയല്ലേന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ പൂര്‍ണസമ്മതമാണെന്ന് പറഞ്ഞു.
അല്ലാതെ എനിക്ക് ഈ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യവും മനസിലായിട്ടില്ല. പിന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ചെന്നപ്പോഴാണ് കഥ എന്താണെന്നും കഥാപാത്രം എങ്ങനെയുള്ളതാണെന്നും അദ്ദേഹം പറയുന്നത്. ആദ്യ ദിവസം ചെറിയ ഡയലോഗ് ആയിരുന്നു. പക്ഷേ രണ്ടാം ദിവസം വലിയ ഒരു കെട്ട് പേപ്പർ നിറയെ ഡയലോഗുമായി വന്നു. അന്ന് ഇത് മുഴുവൻ ഞാൻ പറയേണ്ടതാണോ എന്നും സിനിമയുടെ കഥ മുഴുവൻ ഉണ്ടല്ലോ എന്നും ചോദിച്ചു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന സിനിമയാണ് വീര ധീര സൂരന്‍. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. മാർച്ച് 27 ന് മോഹൻലാൽ ചിത്രം എമ്പുരാനൊപ്പമാണ് വീര ധീര സൂരന്‍ തിയേറ്ററുകളിലെത്തുന്നത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Suraj Venjaramoodu talks about movie veera dheera sooran