
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ ആദ്യ ഷോ പ്രേക്ഷകർക്കൊപ്പം കാണാൻ താനുമുണ്ടാകുമെന്ന് പറയുകയാണ് മോഹൻലാൽ. ഈ ചിത്രം തങ്ങളുടെ ചോരയും വിയർപ്പുമാണ്. സിനിമയെക്കുറിച്ച് കൂടുതല്‍ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. ഈ സിനിമ പ്രേക്ഷകരോട് സംസാരിക്കും എന്ന് മോഹൻലാൽ പറഞ്ഞു. മുംബൈയിൽ നടന്ന ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
'47 വര്‍ഷത്തെ മനോഹരമായൊരു യാത്രയാണ് എന്റെ സിനിമ ജീവിതം. ഇത്തരമൊരു സിനിമ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സിനിമ ഒരു മാജിക്കാണ്. എമ്പുരാന്‍ ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ സിനിമയെക്കുറിച്ച് കൂടുതല്‍ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും,' എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
'ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി എല്ലാം മലയാളത്തിലാണ് വന്നത്. ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്സും. പ്രേക്ഷകർ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെ. എനിക്ക് ഈ സിനിമ പ്രേക്ഷകർക്കൊപ്പം കാണണം. അതുകൊണ്ട് മാർച്ച് 27 ന് രാവിലെ ആറുമണിക്ക് കൊച്ചിയിൽ ഞാൻ സിനിമ കാണും,' എന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം എമ്പുരാന്റെവിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Mohanlal says that he will watch Empuraan first show with the audience