
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ. മികച്ച പ്രകടനമായിരുന്നു ചിത്രം ബോക്സ്ഓഫീസിൽ കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയുടെ വിജയ കാരണം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. സൂപ്പർഫിഷൽ ലെവലിൽ, അല്ലെങ്കിൽ ഒരു പോപ്പ്കോൺ എന്റർടെയ്നർ എന്ന നിലയിൽ സിനിമ വിജയിച്ചെന്നും സിനിമയുടെ ആദ്യത്ത ലയർ കൃത്യമായിരുന്നുവെന്നും പൃഥ്വി പറഞ്ഞു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഒരു സിനിമയെ പാക്കേജ് ചെയ്യാൻ മുരളി വളരെ എക്സ്പെർട്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സത്യസന്ധമായ ഒരു സിനിമയായിരുന്നു ലൂസിഫർ. ലൂസിഫർ OTT യിൽ വിജയിച്ചപ്പോഴും പിന്നീട് റീ വാച്ച് ചെയ്തപ്പോഴുമാണ് ആളുകൾ ആ സിനിമയുടെ മറ്റ് ലെയറുകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. ആ സിനിമ എങ്ങനെ ഷൂട്ട് ചെയ്തു? അതിൽ ഞാൻ ഉപയോഗിച്ച പ്രത്യേകതരം ഫിലിം ലാംഗ്വേജ് എന്താണ് എന്നൊക്കെ. അതെല്ലാം പിന്നീട് സംഭവിച്ചതാണ്. പക്ഷേ ലൂസിഫർ തിയേറ്ററിൽ വിജയിക്കാനുള്ള പ്രധാനപ്പെട്ട കാരണം സൂപ്പർഫിഷൽ ലെവലിൽ, അല്ലെങ്കിൽ ഒരു പോപ്പ്കോൺ എന്റർടെയ്നർ എന്ന നിലയിൽ അത് വർക്ക് ആയി എന്നതാണ്. അതായിരുന്നു ആ സിനിമയുടെ ഗൂഢമായ അർത്ഥങ്ങളെയും സന്ദേശത്തെയും എല്ലാം പൊതിഞ്ഞു നിർത്തിയിരുന്ന ആദ്യത്തെ ലെയർ.
അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയുന്നത് ഞാൻ മൻമോഹൻ ദേശായ്, ഐവി ശശി, ഷാജി കൈലാസ്, ജോഷി സാർ തുടങ്ങിയവരുടെ ആരാധകനാണ് എന്ന്. കാരണം അവരുടെ സിനിമകളിലെ ആദ്യത്തെ ലെയർ എപ്പോഴും കൃത്യമായിരിക്കും. മരുന്നിന് പുറത്തുള്ള കോട്ടിംഗ് പോലെയാണ് അത്. എന്തുകൊണ്ടാണ് ഒരു മരുന്ന് കാപ്സ്യൂളിൽ പൊതിഞ്ഞ് ലഭിക്കുന്നത്. കാരണം മെഡിസിൻ മാത്രമായാൽ അത് അത്ര എളുപ്പത്തിൽ നമ്മുടെ ഉള്ളിലേക്ക് എത്തില്ല. ഒരു എഴുത്തുകരാൻ എന്ന നിലയിൽ ഒരു സിനിമയെ പാക്കേജ് ചെയ്യാൻ മുരളി വളരെ എക്സ്പെർട്ട് ആണ്.
ആളുകൾ 100 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി പോപ്കോണും കൊണ്ട് തിയറ്ററിലേക്ക് കയറുന്നത് സ്ക്രീനിൽ നോക്കി കാണുന്നതും കേൾക്കുന്നതും ആസ്വദിക്കാൻ വേണ്ടിയാണ്. അതിന് ശേഷമാണ് അവർ ചിന്തിക്കുന്നത് ഓഹ് നമ്മൾ തിയറ്ററിൽ കണ്ട് ആസ്വദിച്ചതിനെക്കാൾ കൂടുതൽ എന്തൊക്കെയോ ഈ സിനിമയിൽ ഉണ്ടല്ലേ എന്ന്. അത് തന്നെയാണ് ഞങ്ങൾ എമ്പുരാനിലും ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. ഇതൊക്കെയാണ് ലൂസിഫർ വിജയിക്കാൻ കാരണം എന്നാണ് എനിക്ക് തോന്നുന്നത്,' പൃഥ്വിരാജ് പറഞ്ഞു.
Content Highlights: Prithviraj reveals the reason for Lucifer's success