
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകൾ കീറിമുറിച്ച് അതിലെ ബ്രില്യൻസുകൾ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോൾ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകൾ ചർച്ചയാകുന്നുണ്ട്. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ട്രെയ്‌ലറിലെ ഒരു രംഗത്തിൽ കാണിക്കുന്ന ഐയുഎഫ് എന്ന പാർട്ടി ഓഫീസിലെ ബോർഡിലെ ബ്രില്യൻസ്.
ട്രെയ്‌ലറിൽ മിന്ന്യം പോലെ കാണിക്കുന്ന രംഗത്തിൽ ഐയുഎഫ് എന്ന പാർട്ടി ഓഫീസിന്റെ ചുവരിൽ പാർട്ടിയുടെ മുൻ അധ്യക്ഷന്മാരുടെ പേരുകൾ കാണിക്കുന്നുണ്ട്. എം ഒ വേലായുധൻ നായർ, സി കെ ഗോവിന്ദ വർമ്മ, കെ എ ഉമ്മൻ, പി കെ ആന്റണി, പത്മരാജൻ നാടാർ, പി ആർ തോമസ്, വയലാർ പവിത്രൻ, മുരളീധരൻ പി കെ, പി പി തങ്കപ്പൻ, തെന്നല കൃഷ്ണപിള്ള, സുമേഷ് ചെന്നിത്തല തുടങ്ങിയ പേരുകളാണ് കാണിക്കുന്നത്. ഇത് കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളോട് സാമ്യമുള്ള പേരുകളാണ്.
ഈ പേരുകളിലെല്ലാം കാണുന്നത് തിരക്കഥാകൃത്ത് മുരളി ഗോപിയുടെയും സംവിധായകൻ പൃഥ്വിരാജിന്റെയും ബ്രില്യൻസാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നാലു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ട്രെയ്‌ലറിൽ ഇത്രയേറെ കാര്യങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെങ്കിൽ സിനിമയിൽ അത് എത്രത്തോളം ഉണ്ടാകുമെന്നാണ് പലരും ചോദിക്കുന്നത്.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Social Media finds some brilliance in Empuraan movie trailer