
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തിയ സിനിമയാണ് നാദാനിയാന്‍. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തിയത്. ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചതും. ഇപ്പോൾ സിനിമയെക്കുറിച്ചും ഇബ്രാഹിം അലി ഖാനെക്കുറിച്ചും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് നടത്തിയ പരിഹാസം ഏറെ ചർച്ചയാവുകയാണ്.
സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചവർക്ക് ശിക്ഷയായി ഈ സിനിമ കാണിച്ചുകൊടുക്കണം എന്നാണ് പ്രണിത് പറഞ്ഞത്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ഖുഷി കപൂർ സ്ഥിരത പാലിക്കുന്നുണ്ട്. നടിയുടെ അവസാന ചിത്രം ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമായിരുന്നു. ഈ സിനിമയോടെ അവരുടെ ഇമേജ് തകർന്നു. ഇപ്പോൾ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനൊപ്പം സിനിമ ചെയ്തു. അതിലൂടെ ഇബ്രാഹിമിന്‍റെ ഇമേജും തകര്‍ന്നു എന്ന് പ്രണിത് പറഞ്ഞു.
സെയ്ഫ് അലി ഖാനെ കുത്തി പ്രതിയോട് ജഡ്ജി പറഞ്ഞത് നിങ്ങളെ തൂക്കിക്കൊല്ലില്ല, പകരം ശിക്ഷയായി നാദാനിയാന്‍ രണ്ട് തവണ കാണിക്കുമെന്നാണ്. ഇത് കേട്ട പ്രതി തന്റെ കഴുത്ത് അറുത്തേക്കൂ എന്നാണ് പറഞ്ഞത് എന്നും പ്രണിത് കൂട്ടിച്ചേർത്തു.
കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്. ഷോനയുടെ ആദ്യ സിനിമയായ 'നാദാനിയാന്‍' ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന മിഡില്‍ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് നാദാനിയാന്‍ പറയുന്നത്.
Content Highlights: Comedian mocks Ibrahim Ali Khan’s Naadniyan