പ്രേമലു ആകാൻ നോക്കി പക്ഷെ മൊത്തത്തിൽ അടിപതറി; ഒടിടിയിലും ട്രോൾ നേടി ധനുഷ് ചിത്രം

ജിവി പ്രകാശ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾക്കും പ്രേക്ഷകപ്രശംസ ലഭിക്കുന്നുണ്ട്

dot image

ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 'നിലാവുക്ക് എൻ മേല്‍ എന്നടി കോപം'. രായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ സിനിമയ്ക്ക് നിർഭാഗ്യവശാൽ ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. ഇപ്പോഴിതാ സിനിമ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്.

വളരെ മോശം തിരക്കഥയാണ് സിനിമയുടേതെന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പവർ പാണ്ടി, റായൻ എന്നീ സിനിമകൾക്ക് ശേഷം വലിയ പ്രതീക്ഷയിൽ എത്തിയ സിനിമ ആയിരുന്നിട്ടും ചിത്രം നിരാശപ്പെടുത്തിയെന്നും അഭിനേതാക്കളുടെ പ്രകടനങ്ങൾ ഒന്നും മികച്ചതായിരുന്നില്ലെന്നും കമന്റുകൾ ഉണ്ട്. അതേസമയം, മാത്യു തോമസിന്റെ പ്രകടനത്തിന് കയ്യടികൾ ലഭിക്കുന്നുണ്ട്. ജിവി പ്രകാശ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾക്കും പ്രേക്ഷകപ്രശംസ ലഭിക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം ഒടിടിയിലെത്തുന്നത്.

ഫെബ്രുവരി 21 നായിരുന്നു നിലാവുക്ക് എൻ മേല്‍ എന്നടി കോപം തിയേറ്ററുകളിലെത്തിയത്. ഒപ്പമിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിട്ടിരുന്നു. ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്ക് 15 കോടിയില്‍ താഴെയാണ് ലൈഫ് ടൈം കളക്ഷന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ധനുഷിന്റെ തന്നെ വണ്ടർബാർ ഫിലിംസ് ആണ് നിലാവുക്ക് എൻ മേല്‍ എന്നടി കോപം നിർമിച്ചത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിനായി സംഗീതം നൽകിയത്. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൺ, രമ്യ രംഗനാഥൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlights: Dhanush film Nilavukk en mel ennadi kobam gets trolled after OTT release

dot image
To advertise here,contact us
dot image