
അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രം കുറിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ 7.40 കോടി സിനിമ അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ട്. ചിത്രം വിജയ്‌യുടെ ലിയോ കേരളത്തിൽ നിന്ന് ആദ്യ ദിവസം നേടിയ 12 കോടി രൂപയെന്ന നേട്ടത്തെ മറികടക്കുമെന്നാണ് പ്രതീക്ഷ. എല്ലാ തിയേറ്ററുകളിലും എമ്പുരാന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മൾട്ടിപ്ലെക്സ് സ്‌ക്രീനുകളായ പിവിആർ ഐനോക്സിലെ എമ്പുരാന്റെ ടിക്കറ്റ് നിരക്കാണ് ചർച്ചയാകുന്നത്.
കൊച്ചിയിലെ ഫോറം മാളിലെ പിവിആറിന്റെ പിഎക്സ്എൽ സ്‌ക്രീനിൽ 500 മുതൽ 1200 രൂപ വരെയാണ് ടിക്കറ്റ് റേറ്റ്. അതേസമയം നോർമൽ സ്‌ക്രീനുകളിൽ 280 മുതൽ 700 രൂപ വരെയാണ് റേറ്റ്. പിവിആറിന്റെ ആഢംബര സ്‌ക്രീനായ ലക്സിൽ ടിക്കറ്റുകൾ 1200 നും 1400 നുമാണ് വിറ്റഴിക്കപ്പെടുന്നത്. ഈ ഷോകൾ എല്ലാം തന്ന നിമിഷനേരങ്ങൾ കൊണ്ടാണ് വിറ്റഴിക്കപ്പെടുന്നത്. ഐമാക്‌സിൽ റിലീസിനെത്തുന്ന ആദ്യ മലയാള സിനിമയാണ് എമ്പുരാൻ. കേരളത്തിൽ നിലവിൽ രണ്ട് ഐമാക്സ് സ്‌ക്രീനുകളാണുള്ളത്, ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് കൊച്ചിയിലും. ഇതിൽ രണ്ടിലും എമ്പുരാൻ ടിക്കറ്റുകൾ വലിയ നിരക്കിലാണ് വിൽക്കുന്നത്. കൊച്ചിയിലെ സിനിപോളിസ് ഐമാക്‌സിൽ 800, 850, 900 എന്നിങ്ങനെയാണ് നിരക്കുകൾ. അതേസമയം, തിരുവനന്തപുരത്തെ ഐമാക്‌സിൽ 800. 900, 950, 1200 എന്നിങ്ങനെയാണ് നിരക്കുകൾ.
ഇതിനോടകം നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്നത്. ഇങ്ങനെയുള്ള പ്രൈസ് ഹൈക്ക് മലയാളത്തിൽ പതിവുള്ളതായിരുന്നില്ല. ഇനി ബിഗ് റിലീസുകൾക്ക് ഇതൊരു സ്ഥിരം കാഴ്ചയായി മാറുമെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്. 93.50 k ടിക്കറ്റുകളാണ് ഒരു മണിക്കൂറിൽ എമ്പുരാന്റേതായി വിറ്റിരിക്കുന്നത്. സകല കളക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷാരൂഖ് ഖാൻ നായകനായ ജവാനായിരുന്നു ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് . 85000 ടിക്കറ്റുകളാണ് ജവാൻ വിറ്റിരുന്നത്. രണ്ടാം സ്ഥാനം വിജയ് ചിത്രം ലിയോയ്ക്കായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 82000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് വിറ്റിരുന്നത്. തൊട്ട് താഴെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷ്പ വിറ്റത്. ഒരു മണിക്കൂറിലാണ് ഈ റെക്കോർഡുകൾ എല്ലാം എമ്പുരാൻ തകർത്തെറിഞ്ഞത്.
Content Highlights: Empuraan tickets sold at high prices in PVR