
ആമിർ ഖാന്റെ സഹോദരിയാണെന്ന് അറിയാതെയാണ് നിഖാത് ഖാനെ എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പൃഥ്വിരാജ്. നിഖാത് ഖാന്റെ ഓഡിഷൻ നേരിൽ കണ്ടിരുന്നുവെന്നും അവരെ സിനിമയിലേക്ക് ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കാസ്റ്റിംഗ് ഡയറക്ടറിൽ നിന്ന് ആമിർ ഖാന്റെ സഹോദരിയാണെന്ന് അറിയുന്നതെന്നും പൃഥ്വി പറഞ്ഞു. മുംബൈയിൽ നടന്ന എമ്പുരാന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിലാണ് പ്രതികരണം. സിനിമയിൽ സഹോദരിയുടെ അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ആമിർ തിരക്കിയിരുന്നതായും പൃഥ്വി പറഞ്ഞു.
'ആമിർ ഖാന്റെ സഹോദരി എമ്പുരാൻ സിനിമയുടെ ഭാഗമായിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു അവർ ആമിർ ഖാന്റെ സഹോദരിയാണെന്ന്. ആമിറിനെ എനിക്ക് നന്നായി അറിയാം. സിനിമയുടെ ഓഡിഷൻ ഘട്ടത്തിൽ പ്രിയതയോട് ഞാൻ പറഞ്ഞിരുന്നു. എനിക്ക് അവരെ ഇഷ്ടമായി ഞാൻ അവരുടെ ഓഡിഷൻ കണ്ടിരുന്നു എനിക്ക് അവരെ സിനിമയിൽ ആവശ്യം ഉണ്ടെന്ന്. പ്രിയത എന്റെ കാസ്റ്റിംഗ് ഡയറക്ടർ ആണ്. അപ്പോഴാണ് അവർ ആമിർ ഖാന്റെ സഹോദരിയാണെന്ന് എന്നോട് പറയുന്നത്. അപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. എന്റെ സഹോദരി സിനിമയിൽ നന്നായി ചെയ്തോ എന്നുചോദിച്ച് അദ്ദേഹം മെസ്സേജ് അയച്ചിട്ടുണ്ട്. അവർ നന്നായി ചെയ്തിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,' പൃഥ്വി രാജ് പറഞ്ഞു.
#PrithvirajSukumaran didn't know that #AamirKhan's sister worked in his film pic.twitter.com/OdQXG67MR4
— $@M (@SAMTHEBESTEST_) March 20, 2025
സുഭദ്ര ബെൻ എന്ന കഥാപാത്രത്തെയാണ് നിഖാത് ഖാൻ എമ്പുരാനിൽ അവതരിപ്പിക്കുന്നത്. ഒരു വലിയ ഹവേലിയുടെ ഉടമയായ രാജപരമ്പരയിലെ സ്ത്രീയാണ് എമ്പുരാനിലെ സുഭദ്ര ബെൻ. സുഭദ്ര ബെന്നിലൂടെ തനിക്ക് നിരവധി വികാരങ്ങള്‍ കണ്ടെത്താനും അതിലൂടെ സഞ്ചരിക്കാനും അവസരം ലഭിച്ചെന്നും പൃഥ്വിരാജിനൊപ്പം ജോലി ചെയ്യാൻ ലഭിച്ച അവസരം മികച്ചതായി തോന്നിയെന്നും നിഖാത് ക്യാരക്ടർ പോസ്റ്ററിനോടൊപ്പം പങ്കുവെച്ച വീഡിയോയിൽ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് ഇന്ത്യയിലെ ബുക്കിങ് ആരംഭിക്കുന്നത്. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
Content Highlights: Prithi says Nikhat was cast in Empuraan without knowing she was Aamir Khan's sister