
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ലൂസിഫർ എന്ന സിനിമ നേടിയ വമ്പൻ വിജയം തന്നെയാണ് അതിന് പ്രധാന കാരണം. ഇപ്പോഴിതാ സിനിമയുടെ ഒരു മൂന്നാം ഭാഗത്തിന്റെ സൂചന നൽകുകയാണ് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാന്റെ എൻഡ് ക്രെഡിറ്റ്സ് കണ്ട ശേഷം മാത്രമേ തിയേറ്ററിൽ നിന്ന് ഇറങ്ങാവൂ എന്നാണ് പൃഥ്വി പറയുന്നത്. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.
'എമ്പുരാന്റെ എൻഡ് ക്രെഡിറ്റ്സ് കാണണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യഭാഗം പോലെ ഇവിടെയും ഒരു എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്. അതിലെ ന്യൂസ് റീലും കോട്ട്സും സൂക്ഷ്മമായി വായിക്കണം. അതിന് മുന്നേ തിയേറ്ററിൽ നിന്ന് ഇറങ്ങി പോകരുത്,' എന്ന് പൃഥ്വിരാജ് പറഞ്ഞു.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ ബുക്കിംഗിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയേറ്ററുകൾ ഫുള്ളായത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ തിരക്കു കാരണം നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായിരുന്നു. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു.
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Prithviraj request the audience to watch the end credit scene of Empuraan