
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ടയിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ബഷീർ മുഹമ്മദ് എന്ന പൊലീസ് കഥാപാത്രമായാണ് സുരാജ് നരിവേട്ടയിൽ എത്തുക. ടൊവിനോയും സുരാജും ഒന്നിച്ച് അഭിനയിച്ച എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്.
ഇഷ്ക് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂർത്തിയായത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടൊവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടിൽ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
അതേസമയം, വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന വീര ധീര സൂരൻ ആണ് ഇനി പുറത്തിറങ്ങാനുള്ള സുരാജ് ചിത്രം. മാർച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തും. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
Content Highlights: Suraj Venjaramoodu character poster from Narivetta out now