'ഒരു മലയാളം സിനിമയ്ക്ക് കർണാടകയിൽ ആയിരത്തിലധികം ഷോയോ!'; എമ്പുരാനെതിരെ ബോയ്‌കോട്ട് ആഹ്വാനവുമായി കന്നഡ പേജ്

ഒരു സിനിമ കർണാടകയിൽ റിലീസ് ചെയ്യണമെങ്കിൽ അത് കന്നഡയില്‍ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പോസ്റ്റിൽ പറയുന്നു

dot image

ഇന്ത്യൻ സിനിമാലോകത്ത് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാന ചർച്ചാവിഷയം മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്. കർണാടകയിൽ ഉൾപ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമിൽ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്.

കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്. എമ്പുരാൻ എന്ന മലയാളം സിനിമയെ ഒരു വിതരണകമ്പനി കർണാടകയിൽ മുഴുവൻ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയിൽ. ഇത് ഭാഷ അടിച്ചേൽപിക്കുന്നതു പോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകൾ നൽകുന്നു എന്നാൽ കന്നഡയിൽ ഷോകൾ ഒന്നുമില്ല എന്നും പേജിൽ പറയുന്നു.

കന്നഡ ഡൈനാസ്റ്റി പേജിന്റെ പോസ്റ്റ്

ഒരു സിനിമ കർണാടകയിൽ റിലീസ് ചെയ്യണമെങ്കിൽ അത് കന്നഡയില്‍ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പോസ്റ്റിൽ പറയുന്നു. സിനിമയുടെ വിതരണക്കാരെ ഉൾപ്പടെ ഈ പേജിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കന്നഡ സിനിമകളിലൂടെ പ്രശസ്തിയിലെത്തിയ കമ്പനി ഇപ്പോൾ മറ്റുഭാഷാ സിനിമകളെ അടിച്ചേൽപ്പിക്കുകയാണ് എന്നും ആരോപിച്ചു.

സിനിമയുടെ കർണാടകത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കെജിഎഫ്, സലാർ തുടങ്ങിയ സിനിമകൾ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ്. ഹൊംബാലെയുടെ കണക്കുകൾ പ്രകാരം എമ്പുരാന് കര്‍ണാടകയില്‍ ലഭിച്ചിരിക്കുന്നത് 198 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകളാണ്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. എമ്പുരാന്‍ പ്രീ സെയിൽസിലൂടെ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ നേടിയതായാണ് ട്രാക്കർമാർ നൽകുന്ന സൂചന.

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

Content Highlights: Kannada X page calls for boycott against Empuran

dot image
To advertise here,contact us
dot image