ദംഗലിലെ ആരും ശ്രദ്ധിക്കാത്ത ഒരു തെറ്റ്, ഒടുവിൽ അമിതാഭ് ബച്ചൻ കൈയ്യോടെ പൊക്കി; മനസുതുറന്ന് ആമിർ ഖാൻ

'ഞാൻ അദ്ദേഹത്തോട് സിനിമ ഇഷ്ടമായോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം സിനിമ വളരെ നന്നായിരിക്കുന്നു, പക്ഷേ ഒരു ഷോട്ടിൽ നിങ്ങൾ കഥാപാത്രത്തിന് പുറത്തുപോയി എന്ന് പറഞ്ഞു.'

dot image

മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ നടനാണ് ആമിർ ഖാൻ. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന താരത്തിന്റെ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോഴിതാ താൻ അഭിനയിച്ച ഒരു ചിത്രത്തിലെ ഒരു തെറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാൻ.

താൻ ഇതുവരെ അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടം ദംഗൽ ആണെന്നും എന്നാൽ ആ സിനിമയിൽ ഒരിടത്ത് താൻ കഥാപാത്രത്തിന് പുറത്തുപോയി എന്നും ആമിർ ഖാൻ പറഞ്ഞു. 'അമിതാഭ് ബച്ചനാണ് ആ തെറ്റ് കണ്ടുപിടിച്ചത്. ഞാൻ അദ്ദേഹത്തോട് സിനിമ ഇഷ്ടമായോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം സിനിമ വളരെ നന്നായിരിക്കുന്നു, പക്ഷേ ഒരു ഷോട്ടിൽ നിങ്ങൾ കഥാപാത്രത്തിന് പുറത്തുപോയി എന്ന് എന്നോട് പറഞ്ഞു. അത് ഏത് സീനിൽ ആണെന്ന് അദ്ദേഹം തന്നെ എനിക്ക് പറഞ്ഞു തന്നു. സിനിമയിലെ ഒരു ഗുസ്തി സീക്വൻസിനിടെ എന്റെ കഥാപാത്രം എഴുന്നേറ്റു നിന്ന് 'യെസ്' എന്ന് പറയുന്നുണ്ട്. ആ ഷോട്ടിലാണ് തെറ്റ് പറ്റിയത്. കാരണം 'യെസ്' എന്നത് ഒരു ഇംഗ്ലീഷ് വാക്ക് ആയതിനാൽ ഫോഗട്ട് ഒരിക്കലും അത് പറയില്ല പകരം 'വാ' അല്ലെങ്കിൽ 'ശഭാഷ്' എന്നേ പറയുമായിരുന്നുള്ളൂ. അതിനാൽ, എല്ലാ സിനിമകളിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്, ഒരു സിനിമയും പെർഫെക്റ്റ് അല്ല', ആമിർ ഖാൻ പറഞ്ഞു.

ഗുസ്തിതാരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫോഗട്ടിന്റെയും അവരുടെ അച്ഛനായ മഹാവീര്‍ ഫോഗട്ടിന്റെയും ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ദം​ഗൽ. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രം വെറും 70 കോടി മുതല്‍ മുടക്കില്‍ ഒരുക്കി 2000 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആമിർ ഖാൻ, കിരൺ റാവു, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ്. സാക്ഷി തൻവാർ, ഫാത്തിമ സന ​​ഷെയ്ഖ്, സാനിയ മൽഹോത്ര, അപർശക്തി ഖുറാന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Content Highlights: Aamir Khan talks about mistake in Dangal movie

dot image
To advertise here,contact us
dot image