
റിലീസിന് മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. ഹോളിവുഡിൽ നിന്നുൾപ്പടെ വമ്പൻ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർതാരങ്ങളുടെയും പേര് സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇത് മമ്മൂട്ടിയായിരിക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾ വരെയുണ്ടായി. ഇപ്പോൾ എമ്പുരാനിൽ മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ.
ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ മമ്മൂട്ടിയാണോ വെള്ള വസ്ത്രമിട്ട ആ വ്യക്തി എന്ന ചോദ്യം വന്നപ്പോൾ 'അദ്ദേഹമാണെങ്കിൽ മുഖം ഞങ്ങൾ കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിന് അത് മറച്ചുവെക്കണം. അദ്ദേഹമല്ല, അത് മറ്റൊരു നടനാണ്,' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Mohanlal talks about Mammootty's cameo rumours in Empuraan