
മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ സ്വന്തം സൂപ്പർതാരങ്ങളാണ്. വർഷങ്ങൾ ഒരുപാടായി മലയാളികളുടെ സിനിമാസങ്കൽപങ്ങൾക്കൊപ്പം ഇരുവരും ഉണ്ട്. ഓരോ മമ്മൂട്ടി, മോഹൻലാൽ സിനിമകളും വലിയ വരവേൽപ്പോടെയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സൂപ്പർസ്റ്റാർ കള്‍ച്ചര്‍ അവസാനിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
മെഗാസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ എന്നത് വെറും പേരുകള്‍ മാത്രമാണെന്നും അത് പ്രേക്ഷകർ സ്നേഹത്തോടെ നല്കിയതാണെന്നും മോഹൻലാൽ പ്രതികരിച്ചു. ഭാവിയില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാവുമോയെന്ന ചോദ്യത്തോട്, മികച്ച അഭിനേതാക്കള്‍ ഉറപ്പായും ഉണ്ടാവുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 'ഞങ്ങള്‍ക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് 400- 500 ചിത്രങ്ങള്‍ ഒക്കെ അഭിനയിക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. സിനിമ നിര്‍മാണത്തിന്റെ രീതികള്‍ മാറിയതിനാല്‍ അത് അസാധ്യമാണ്. സിനിമയുടെ കാഴ്ചപ്പാട് തന്നെ മാറി. അന്നൊക്കെ, ഹിറ്റുകളുടെ എണ്ണമായിരുന്നു കാര്യം. പതുക്കെയുള്ള വളര്‍ച്ചയായിരുന്നു അത്. ഒടുവില്‍ അവര്‍ നമുക്ക് ആ പേരുകള്‍ നല്‍കി- മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍'.
നിങ്ങളെപ്പോലെ ഭാവിയില്‍ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പുതിയ തലമുറയില്‍നിന്ന് മികച്ച അഭിനേതാക്കള്‍ ഉറപ്പായും ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കി. 'അവര്‍ക്ക് മികച്ച തിരക്കഥകള്‍ വേണം. നല്ല സംവിധായകരെയും സഹപ്രവര്‍ത്തകരെയും ലഭിക്കണം. മികച്ച സംവിധായകര്‍ക്കും മികച്ച സഹതാരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവരാണ് എന്നെ സൃഷ്ടിച്ചത്', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ മറുപടി.
അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട് ദിവസം കഴിയുമ്പോൾ മലയാള സിനിമ ഇന്നുവരെ കാണാത്ത റെക്കോർഡുകളാണ് ചിത്രം തുറന്നുവെക്കുന്നത്. സിനിമയുടെ ഇന്ത്യൻ ബുക്കിംഗ് ആരംഭിച്ചയുടൻ ഓൺലൈൻ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ ക്രാഷാകുന്ന അവസ്ഥ വരെയുണ്ടായി. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ റെക്കോർഡ് ഇട്ടിരുന്നു.
Content Highlights: Mohanlal talks about Superstar culture in malayalam