
ഇന്ത്യയിലാകെ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഭാഷയുടെ അതിർത്തികൾ തകർത്ത് സിനിമയ്ക്ക് എല്ലായിടങ്ങളിലും മികച്ച ബുക്കിംഗാണ് ലഭിക്കുന്നതും. സിനിമയുടെ ഓരോ അപ്ഡേറ്റും ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ പൃഥ്വിരാജിന്‍റെ പഴയ അഭിമുഖമാണ് വൈറലാകുന്നത്.
പൃഥ്വിരാജ് 2006 ല്‍ നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ അഭിമുഖത്തിൽ ഭാവിയിൽ മലയാള സിനിമയുടെ അംബാസഡര്‍ ആകണമെന്ന തന്റെ ആഗ്രഹമാണ് പൃഥ്വി പങ്കുവെക്കുന്നത്. 'എന്‍റെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമയുടെ അംബാസഡര്‍ ആകണമെന്നതാണ്. നാളെ ഞാന്‍ കാരണം മലയാള സിനിമ നാലാളുകള്‍ കൂടുതല്‍ അറിഞ്ഞാല്‍ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം വലിയ സ്റ്റാറുമാകണം. അവരുടെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയേറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയേറ്ററിൽ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം,' എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.
ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഇപ്പോൾ കമന്റുകൾ പങ്കുവെക്കുന്നത്. അന്ന് പൃഥ്വിയുടെ ഈ വാക്കുകൾ ഏറെ വിമര്ശിക്കപ്പെട്ടിരുന്നു. അന്ന് ആ വാക്കുകൾ പറഞ്ഞപ്പോൾ അഹങ്കാരി എന്ന് വിളിച്ചവർ ഇന്ന് അയാളുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ ഓടുന്നു എന്നാണ് ഒരു പ്രേക്ഷകന്റെ പ്രതികരണം. തന്റെ സ്വപ്നങ്ങൾ നിറവേറ്റിയ പൃഥ്വിയെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.
അതേസമയം വിജയ് ചിത്രമായ ലിയോ പ്രീ സെയിലിലൂടെ നേടിയ 8.81 കോടിയെയും എമ്പുരാൻ മറികടന്നു. ഇതോടെ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 12 കോടിയെ എമ്പുരാൻ പ്രീ സെയിൽ കൊണ്ട് മാത്രം മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിലേക്കാണ് ഈ മോഹൻലാൽ സിനിമയുടെ പോക്ക്.
ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു.
Content Highlights: Prithviraj old interview viral now in social media