
ഹിന്ദുക്കൾക് ഇവൻ മഹിരാവണൻ, ഇസ്‌ലാമിൽ ഇവന് ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പോരെയുള്ളൂ ലൂസിഫർ. പിന്നെ എവിടുന്നു വന്നു ഈ എമ്പുരാൻ? നമ്മൾ അറിയാത്തത് എന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ട് എന്ന് ജതിൻ രാംദാസ് വെറുതെ പറഞ്ഞതല്ല, അയാൾ എങ്ങനെ എമ്പുരാനായി? ഖുറേഷി അബ്രഹാം ആയി? കെട്ടുകണക്കിന് ചോദ്യങ്ങളാണ് ഓരോ പ്രേക്ഷന്റെയും മനസിൽ എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ച് ഉരുത്തിരിയുന്നത്.
ലൂസിഫർ ഇറങ്ങിയ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച നടന്നത് എന്താണ് ലൂസിഫർ എന്ന വാക്കിന്റെ അർഥം എന്നറിയാൻ ആയിരുന്നു. ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താന്റെ ഉത്ഭവ രൂപമാണ് ലൂസിഫർ എന്ന് അന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. പ്രകാശം കൊണ്ടുവരുന്നവൻ, ശുക്രനക്ഷത്രം, സാത്താൻ എന്നിവ ലൂസിഫർ എന്ന പദത്തിന്റെ നാമങ്ങളാണ്. ഏറെക്കുറെ ഇതിനോടെല്ലാം ചേർന്ന് നിൽക്കുന്നതായിരുന്നു സിനിമയിലെ സ്റ്റീഫച്ചായന്റെ കഥാപാത്രവും. എന്നാൽ അതുക്കും മേലെയാണ് ഖുറേഷിയുടെ ലോകം. അവിടെ അവൻ എമ്പുരാൻ ആണ്. ഇന്നും ആരാധകർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എമ്പുരാൻ എന്ന പേരിന്റെ അർഥം തന്നെയാണ്.
ഇപ്പോഴിതാ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. രാജാവിന് മുകളില്‍ ദൈവത്തിന് താഴെ എന്നാണ് എമ്പുരാന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്. ദൈവ പുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെയാണ് ആശ്രയിക്കുക എന്ന് മോഹൻലാൽ ചോദിക്കുന്നതിന്റെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയതെന്നാണ് ആരാധകർ പറയുന്നത്.
ഈ കളി ഞാനും എന്റെ പിള്ളേരും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാണെന്ന് പണ്ട് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് ഓർക്കുന്നില്ലേ? അതുപോലെ സാമ്രാജ്യം ഭരിക്കുന്ന അധോലോക നായകനായ അബ്രഹാം ഖുറേഷി കേരളത്തെ രക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങുന്നുണ്ടെങ്കിൽ അത് ജയിക്കാൻ തന്നെയാവും.
അതേസമയം, എമ്പുരാൻ ബുക്കിംഗ് റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ്. റിലീസ് ദിവസം ഒരു മലയാളം സിനിമ കേരളത്തിൽ നിന്ന് നേടുന്ന ആദ്യത്തെ ഡബിൾ ഡിജിറ്റ് കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 10 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഒടിയൻ നേടിയ 7.25 കോടി എന്ന കളക്ഷനെയാണ് എമ്പുരാൻ മറികടന്നിരിക്കുന്നത്. വിജയ് ചിത്രമായ ലിയോ പ്രീ സെയിലിലൂടെ നേടിയ 8.81 കോടിയെയും എമ്പുരാൻ മറികടന്നു. ഇതോടെ ലിയോയുടെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 12 കോടിയെ എമ്പുരാൻ പ്രീ സെയിൽ കൊണ്ട് മാത്രം മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രം മാർച്ച് 27 ന് തിയേറ്ററിലെത്തും.
Content Highlights: Social media discovers the meaning of the word Empuran