ബറോസിനെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാനാവില്ല, അതൊരു മാജിക്കൽ ഫിലിമാണ്: മോഹൻലാൽ

'ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുക എന്നത് അത്ര സങ്കീർണ്ണമായ കാര്യമായിരുന്നില്ല'

dot image

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രമാണ് ബറോസ്. കഴിഞ്ഞ ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

'നിങ്ങൾക്ക് ഒരിക്കലും ബറോസിനെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതൊരു മാജിക്കൽ ഫിലിമാണ്. അതിൽ അഭിനയം എന്നതിനേക്കാൾ അതൊരു ഹാലൂസിനേഷനാണ്,' എന്ന് മോഹൻലാൽ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുക എന്നത് അത്ര സങ്കീർണ്ണമായ കാര്യമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം മോഹൻലാൽ നായകനാകുന്ന അടുത്ത ചിത്രം എമ്പുരാൻ മാര്‍ച്ച് 27-ന് റിലീസിനെത്തുകയാണ്. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34.5 കോടി രൂപ) നേടിയതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Mohanlal talks about Barroz movie

dot image
To advertise here,contact us
dot image