അങ്ങനെ ആ സംശയത്തിന് ഫുൾസ്റ്റോപ്പ്; എമ്പുരാനിൽ അർജുൻ ദാസ് ഉണ്ടോ? പ്രതികരിച്ച് പൃഥ്വിരാജ്

വളരെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അർജുൻ ദാസ് എന്നും തനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു

dot image

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' ഫ്രാഞ്ചൈസിയിൽ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിം​ഗ് റെക്കോർഡുകളെ മറികടന്നിരിക്കുകയാണ്. സിനിമയെക്കുറിച്ച് പല തിയറികളും ഊഹാപോഹങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'കൈതി' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അർജുൻ ദാസ് എമ്പുരാനിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാനിൽ അർജുൻ ദാസ് ഇല്ലെന്നും ഭാവിയിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. വളരെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അർജുൻ ദാസ് എന്നും തനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. പൃഥ്വിരാജിന് മറുപടിയുമായി നടൻ അർജുൻ ദാസ് എക്സിൽ പോസ്റ്റുമായി എത്തി. താങ്കളിൽ നിന്ന് വന്ന വാക്കുകൾ ഏറെ വിലപ്പെട്ടതാണെന്നും വളരെ നന്ദിയുണ്ടെന്നും അർജുൻ ദാസ് എക്സിൽ കുറിച്ചു. 'ഞാൻ ഒരു കോൾ അല്ലെങ്കിൽ മെസേജ് മാത്രം അകലെയാണ്. താങ്കൾക്കും മോഹൻലാൽ സാറിനും എമ്പുരാന്റെ മറ്റു അണിയറപ്രവർത്തകർക്കും എന്റെ എല്ലാവിധ ആശംസകൾ', അർജുൻ ദാസ് പറഞ്ഞു.

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645K ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റത്.

Content Highlight : Arjun das is not in empuraan clarifies Prithviraj sukumaran

dot image
To advertise here,contact us
dot image