
മോഹൻലാലിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് ഇരുവർ. തമിഴിലെ എക്കാലത്തെയും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന ഇരുവറിന് ഇന്നും വലിയ ജനപ്രീതിയാണുള്ളത്. എംജിആർ, കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്ത ചിത്രം രണ്ട് നാഷണൽ അവാർഡ് ഉൾപ്പെടെ നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആനന്ദൻ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. സിനിമയുടെ റിലീസ് സമയത്ത് നിറയെ പ്രശ്നങ്ങൾ നടന്നിരുന്നെനും ക്ലൈമാക്സ് അടക്കം മറ്റൊരു രീതിയിലേക്ക് മാറ്റിയെന്നും മനസുതുറന്നിരിക്കുകയാണ് മോഹൻലാൽ.
'മണി സാറിന്റെ രണ്ടാമത്തെ സിനിമയായ ഉണരൂവിൽ ആണ് ഞാൻ ആദ്യമായി അഭിനയിച്ചത്. എന്നിട്ടും അദ്ദേഹം എന്നെ ഇരുവറിൽ എങ്ങനെയാണ് കാസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. ഇന്ത്യയിൽ നിന്ന് പുറത്തുവന്ന ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇരുവർ. ക്രാഫ്റ്റിലും വളരെ ഗംഭീരമാണ് ചിത്രം. ആ സിനിമയുമായി ബന്ധപ്പെട്ട് കുറെ പ്രശ്നങ്ങൾ അന്ന് നടന്നിരുന്നു. ഒപ്പം ചില സെൻസർ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ക്ലൈമാക്സ് എല്ലാം പിന്നെ ഞങ്ങൾ വേറെ രീതിയിലേക്ക് മാറ്റി. ഒരു അഭിനേതാവെന്ന നിലയ്ക്ക് ഒരുപാട് ഇമോഷൻസും, ഷേഡുകളും, ഗ്രാഫുമൊക്കെ അവതരിപ്പിക്കാൻ കഴിഞ്ഞ കഥാപാത്രമായിരുന്നു അതിലേത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണത്', മോഹൻലാൽ പറഞ്ഞു.
പ്രകാശ് രാജ്, ഐശ്വര്യ റായ്, ഗൗതമി, തബു, രേവതി, നാസർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. മണിരത്നം തന്നെ തിരക്കഥയൊരുക്കിയ സിനിമയ്ക്കായി സംഭാഷണങ്ങൾ ഒരുക്കിയത് സുഹാസിനി മണിരത്നം ആയിരുന്നു. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയ്ക്കായി സംഗീതം ഒരുക്കിയത് എ ആർ റഹ്‌മാൻ ആണ്. സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
Content Highlights: Iruvar is my all time favourite film says Mohanlal