നയൻ‌താര പ്രഫഷണലായ നടിയാണ്, മൂക്കുത്തി അമ്മനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം 'ദൃഷ്ടി ഏറ്റമാതിരി': ഖുശ്ബു

'സമാധാനത്തോടെ എന്റർടെയ്ൻമെന്റിന്റെ രാജാവിൽ നിന്ന് മറ്റൊരു ബ്ലോക്ക്ബസ്റ്ററിനായി കാത്തിരിക്കൂ'

dot image

മൂക്കുത്തി അമ്മൻ 2 വിന്റെ ചിത്രീകരണവേളയിൽ തർക്കങ്ങൾ സംഭവിച്ചുവെന്ന് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ സുന്ദർ സിയുടെ ഭാര്യ കൂടിയായ നടി ഖുശ്ബു. സിനിമയെക്കുറിച്ച് ഏറെ അനാവശ്യമായ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം നല്ല രീതിയിൽ പോകുന്നുണ്ടെന്ന് ഖുശ്ബു പറഞ്ഞു.

നയൻ‌താര വളരെ പ്രഫഷണലായ ഒരു നടിയാണ്. അവരുടെ മികവ് അവർ തെളിയിച്ചിട്ടുമുണ്ട്. ഈ അഭ്യൂഹങ്ങളെല്ലാം 'ദൃഷ്ടി ഏറ്റ മാതിരി'യാണെന്ന് ഖുശ്ബു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നല്ലതിന് വേണ്ടിയാണ്. അതിനാൽ സമാധാനത്തോടെ എന്റർടെയ്ൻമെന്റിന്റെ രാജാവിൽ നിന്ന് മറ്റൊരു ബ്ലോക്ക്ബസ്റ്ററിനായി കാത്തിരിക്കൂവെന്നും ഖുശ്ബു പറഞ്ഞു.

ഈ അടുത്താണ് ചില തർക്കങ്ങൾ മൂലം സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചതായുള്ള റിപ്പോർട്ടുകൾ വന്നത്. വേഷത്തെച്ചൊല്ലി സഹസംവിധായകനും നയന്‍താരയും തമ്മില്‍ സെറ്റില്‍ തര്‍ക്കമുണ്ടായെന്നും സഹസംവിധായകനെ നടി ശാസിച്ചുവെന്നും ഹിന്ദു തമിഴ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇടപെട്ട സംവിധായകന്‍ സുന്ദര്‍ സി ഷൂട്ട് നിര്‍ത്തിവെച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്. വലിയ താര നിരയെ അണിനിരത്തിയാണ് ഈ മാസം ആദ്യം ചിത്രത്തിന്‍റെ പൂജ നടന്നത്. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേല്‍ ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: Khusbu Sundar talks about the rumours on Mookkuthi Amman 2

dot image
To advertise here,contact us
dot image