
വിദേശ ഭാഷ വെബ് സീരീസുകൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബ്രേക്കിംഗ് ബാഡ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങി നിരവധി സീരീസുകളാണ് ഇന്ത്യയിൽ ആരാധകരെ സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ഹോളിവുഡ് വെബ് സീരീസ് ആണ് ഇന്ത്യയിൽ തരംഗം ഉണ്ടാകുന്നത്. മാർച്ച് 13 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ 'അഡോളസെൻസ്' എന്ന മിനി സീരീസ് ആണ് മികച്ച പ്രതികരണം നേടി മുന്നേറുന്നത്. സീരീസിന് ഇന്ത്യയിൽ ലഭിച്ച അപ്രതീക്ഷിച്ച സ്വീകാര്യതയിൽ പ്രതികരിച്ചിരിക്കുകയാണ് അഡോളസെൻസിന്റെ എഴുത്തുകാരനും അഭിനേതാവുമായ സ്റ്റീഫൻ ഗ്രഹാം.
'എന്റെയൊരു സുഹൃത്തിൽ നിന്നാണ് അഡോളസെൻസ് ഇന്ത്യയിൽ ഇത്രയും വലിയ ഹിറ്റാണെന്ന് ഞാൻ അറിയുന്നത്. അദ്ദേഹം എന്നോട് ഈ കാര്യം പറയുമ്പോൾ, നിങ്ങൾ ഇന്ത്യ എന്നാണോ പറഞ്ഞത്? ഞാൻ കേട്ടത് ശരിയാണോ? എന്നായിരുന്നു എന്റെ പ്രതികരണം', എന്ന് സ്റ്റീഫൻ ഗ്രഹാം പറഞ്ഞു. തൻ്റെ സഹപാഠിയെ കൊലപ്പെടുത്തിയതിന് കൗമാരപ്രായക്കാരനായ ജാമി മില്ലറെ (ഓവൻ കൂപ്പർ) അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളാണ് അഡോളസെൻസിന്റെ കഥാപശ്ചാത്തലം. നാല് എപ്പിസോഡുകൾ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗംഭീര പ്രകടനമാണ് സീരിസിലെ അഭിനേതാക്കൾ എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. സീരിസിലെ പ്രധാന കഥാപാത്രമായ ജെയ്മിയെ അവതരിപ്പിച്ച ഓവൻ കൂപ്പറിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. സ്റ്റീഫൻ ഗ്രഹാം, ആഷ്ലി വാൾട്ടേഴ്സ്, എറിൻ ഡോഹെർട്ടി, ഫെയ് മാർസെ എന്നിവരാണ് അഡോളസെൻസിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. വെറൈറ്റിയുടെ റിപ്പോർട്ട് പ്രകാരം ആദ്യ നാല് ദിവസങ്ങളിൽ 24.3 ദശലക്ഷം വ്യൂസ് ആണ് ഈ സീരീസ് നേടിയത്.
Content Highlights: Netflix series Adolescence gets thumb up from indian audience