എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ വ്യാജമോ? മറുപടിയുമായി പൃഥ്വി

'ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്'

dot image

റിലീസിന് മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ ബുക്കിംഗ് കണക്കുകൾ വ്യാജമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ ഉന്നയിച്ചിരുന്നു. ഇപ്പോൾ ആ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പൃഥ്വിരാജ്.

'ഈ അഡ്വാൻസ് ബുക്കിംഗ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ചുമ്മാ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയേറ്ററുകളുടെയും ഡിസിആർ (ഡെയിലി കളക്ഷൻ റിപ്പോർട്ട്) ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം. മാത്രമല്ല ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത് മറ്റുള്ളവരാണ്, ഈ സിനിമയുടെ അണിയറപ്രവർത്തകരല്ല. ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്. അതൊരു അനുഗ്രഹമായാണ് ഞങ്ങൾ കാണുന്നത്.' എന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു പൃഥ്വി.

എമ്പുരാൻ ഇതിനകം 50 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. ഇത് മലയാള സിനിയമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു റെക്കോർഡാണ്. അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Prithviraj talks about the advance booking of Empuraan movie

dot image
To advertise here,contact us
dot image