
ബോളിവുഡിലെ നിർമാതാക്കൾ സൗത്തിനെ കണ്ട് പഠിക്കണമെന്ന് നടൻ സണ്ണി ഡിയോൾ. സൗത്തിൽ കഥയാണ് നായകൻ ഒപ്പം ഒരു സിനിമ വിജയിപ്പിക്കാനായി സംവിധായകനിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു. ഒരുപക്ഷേ താൻ ഇനി സൗത്തിൽ പോയി സ്ഥിരതാമസമാക്കിയേക്കാം എന്നും മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ഡിയോൾ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ജാട്ടിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ഈ സിനിമയുടെ നിർമ്മാതാക്കൾ വളരെ നല്ലവരാണ്. ബോംബെയിലെ നിർമ്മാതാക്കൾ അവരിൽ നിന്ന് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ബോളിവുഡ് എന്നാണ് വിളിക്കുന്നത്, എന്നാൽ ആദ്യം അതിനെ ഹിന്ദി സിനിമ എന്ന് വിളിക്കാൻ പഠിക്കൂ. സ്നേഹത്തോടെ സിനിമ എങ്ങനെ നിർമ്മിക്കാമെന്ന് സൗത്തിലെ അണിയറപ്രവർത്തകർ കണ്ട് പഠിക്കണം.
അവർ സിനിമയുടെ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നല്ലൊരു സംവിധായകനെ കൊണ്ടുവന്ന് അയാളുടെ വിഷനിൽ വിശ്വാസമർപ്പിച്ച് അതിനെ വിജയിപ്പിക്കാനുള്ള എല്ലാ വഴികളും തേടുന്നു. കഥയാണ് അവരുടെ നായകൻ. ജാട്ടിലെ ടീമുമൊത്ത് ജോലി ചെയ്തത് ഞാൻ നന്നായി ആസ്വദിച്ചു. നമുക്ക് മറ്റൊരു സിനിമ കൂടി ചെയ്യാം എന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിരുന്നു. ഒരുപക്ഷേ ഞാൻ സൗത്തിൽ പോയി സ്ഥിരതാമസമാക്കിയേക്കാം', സണ്ണി ഡിയോൾ പറഞ്ഞു.
ജാട്ടിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ മാസ് മസാല പടമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം ഒരുക്കുന്നത്. രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, അജയ് ഘോഷ്, ദയാനന്ദ് ഷെട്ടി, ജഗ്പതി ബാബു, ബബ്ലൂ പൃഥ്വിരാജ് എന്നിവരായിരിക്കും സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: South is better than bollywood in producing films says Sunny Deol