എമ്പുരാനൊപ്പം ഞങ്ങളുടെ പടവും തിയേറ്ററിൽ എത്തും, പൃഥ്വിയുടെ ചിത്രം പാൻ ഇന്ത്യൻ ഹിറ്റാകും; വിക്രം

'മലയാളത്തിൽ നിന്ന് ആദ്യമായി പാൻ ഇന്ത്യൻ റെക്കോർഡ് നേടുന്ന സിനിമ എമ്പുരാൻ ആയിരിക്കും'

dot image

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരിക്കുന്നത്. ചിത്രം മോഹൻലാൽ സിനിമയായ എമ്പുരാനൊപ്പം മാർച്ച് 27 ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ സിനിമയെക്കുറിച്ചുള്ള ആകാംഷ കൂടിയിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാൻ മലയാളത്തിൽ നിന്ന് ആദ്യമായി പാൻ ഇന്ത്യൻ റെക്കോർഡ് നേടാൻ പോകുന്ന സിനിമ ആയിരിക്കുമെന്ന് പറയുകയാണ് വിക്രം. സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രതികരണം.

'എമ്പുരാൻ ഒരു പാൻ ഇന്ത്യൻ സിനിമയാകും. വലിയ സിനിമ ഉണ്ടാകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മലയാളികളെപോലെ തന്നെ ആ ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. എമ്പുരാൻ വലിയ സിനിമയാണ്. പൃഥ്വിരാജ് എന്റെ നല്ലൊരു സുഹൃത്താണ്. സംവിധായകൻ നടൻ ആകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നടൻ ഇപ്പോൾ സംവിധായകൻ ആകുന്നു. നേരത്തെ ധനുഷ് ചെയ്തിരുന്നു, പൃഥ്വിയുടെ ലൂസിഫർ കണ്ട് ഞാൻ ഞെട്ടിയിരുന്നു.

എമ്പുരാനിലും അദ്ദേഹം പ്രതീക്ഷ നഷ്ടപ്പെടുത്തില്ല എന്നാണ് കരുതുന്നത്. മലയാളത്തിൽ നിന്ന് ആദ്യമായി പാൻ ഇന്ത്യൻ റെക്കോർഡ് നേടുന്ന സിനിമ എമ്പുരാൻ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ആ ദിവസം തന്നെയാണ് ഞങ്ങളുടെ സിനിമയും വരുന്നത്. രണ്ടു സിനിമയും വിജയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,' വിക്രം പറയുന്നു.

അതേസമയം, രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Vikram wishes success to the movie Empuraan

dot image
To advertise here,contact us
dot image