
മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നേറുന്ന നടനാണ് ആസിഫ് അലി. അടുത്തിടെ നടന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിജയമായിരുന്നു. ഒപ്പം ആസിഫിന്റെ പ്രകടനങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഒരു തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ച് വിവരിക്കുകയാണ് ആസിഫ് അലി.
കോയമ്പത്തൂരിലെ ഐമാക്സ് തിയേറ്ററിൽ ഇന്റെർസ്റ്റെല്ലാർ കാണാൻ പോയപ്പോൾ തന്നെ എല്ലാവരും തിരിച്ചറിഞ്ഞെന്നും ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് അത്തരമൊരു സ്വീകരണം ലഭിക്കുന്നതെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു. 'ജീത്തു ജോസഫിൻ്റെ മിറാഷിൻ്റെ ഷൂട്ടിംഗിനിടെ കോയമ്പത്തൂരിൽ ഇൻ്റർസ്റ്റെല്ലാറിൻ്റെ റീ റിലീസ് കാണാൻ പോയിരുന്നു. ഒരു ടിക്കറ്റ് മാത്രം കിട്ടിയത് കൊണ്ട് ഞാൻ ഐമാക്സിൽ ഒറ്റയ്ക്കാണ് പോയത്. ഇൻ്റർവെൽ സമയത്ത് കാപ്പി കുടിക്കാൻ പോയപ്പോൾ തിയേറ്ററിലേ പ്രേക്ഷകർ മുഴുവൻ എന്നെ തിരിച്ചറിഞ്ഞു. കേരളത്തിന് പുറത്ത് എനിക്ക് ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. എൻ്റെ സിനിമകൾക്ക് OTT-യിൽ ലഭിച്ച സ്വീകാര്യതകൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് എനിക്ക് തോന്നിയത്. എൻ്റെ ലെവൽ ക്രോസ് എന്ന സിനിമയെക്കുറിച്ച് തമിഴ് പ്രേക്ഷകർ സംസാരിക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് വല്ലാത്ത സന്തോഷം തോന്നി', ആസിഫ് അലി പറഞ്ഞു.
രേഖാചിത്രമാണ് അവസാനമായി തിയേറ്ററിലെത്തിയ ആസിഫ് അലി ചിത്രം. ജോഫിൻ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ചിത്രം സോണി ലൈവിൽ ലഭ്യമാണ്. സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളിയാണ് ഇനി തിയേറ്ററിലെത്തുന്ന ആസിഫ് അലി സിനിമ. ചിത്രം ഏപ്രിലിൽ പുറത്തിറങ്ങും.
Content Highlights: Asif Ali talks about his experience with audience in Tamil nadu