'എമ്പുരാൻ പുഷ്പ 2 ന്റെ 1800 കോടി എന്ന റെക്കോർഡ് വെട്ടിക്കുമോ?' മോഹൻലാലിന്റെ മറുപടി വൈറലാകുന്നു

എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും

dot image

റിലീസിന് മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയുടെ കളക്ഷൻ പ്രതീക്ഷകളെക്കുറിച്ചുള്ള ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ 'എമ്പുരാൻ പുഷ്പ 2 വിന്റെ 1800 കോടി എന്ന റെക്കോർഡ് വെട്ടിക്കുമോ?' എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. '1000 കോടി ലഭിച്ചാൽ നല്ലത്. നിങ്ങളുടെ നാക്ക് പൊന്നാകട്ടെ. ഈ സിനിമ ഇത്ര കോടി നേടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. അത് എത്രത്തോളം നല്ലതായി എടുക്കാൻ കഴിയുമോ അത്രത്തോളം നന്നായി ഞങ്ങൾ എടുത്തിട്ടുണ്ട്. നിങ്ങൾ കണ്ട് അനുഗ്രഹിക്കുക,' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Mohanlal talks about the collection of Empuraan

dot image
To advertise here,contact us
dot image