എമ്പുരാനൊപ്പം തിയേറ്ററിൽ കാത്തിരിക്കുന്നത് ഒരുപിടി സർപ്രൈസുകൾ; ആഘോഷമാക്കാനൊരുങ്ങി ആരാധകർ

മലയാളത്തിന്റെ ഏറ്റവും വലിയ സിനിമയോടൊപ്പം എത്തുമ്പോൾ അത് ഈ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാൻ സഹായകമാകും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ

dot image

മലയാളികൾ ഒന്നടങ്ങൾ കാത്തിരിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാന് വേണ്ടി. ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി ചിത്രം ആദ്യ ദിനം റെക്കോർഡ് കളക്ഷനാണ് ലക്ഷ്യമിടുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന പ്രൊമോഷണൽ കണ്ടെന്റുകൾ എല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. നാളെ റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് ഒപ്പം മറ്റു ചില സർപ്രൈസുകളും ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മലയാളികൾ കാത്തിരിക്കുന്ന ഒരുപിടി സിനിമകളുടെ ട്രെയ്‌ലറുകൾ എമ്പുരാനൊപ്പം തിയേറ്ററുകളില്‍ പ്രദർശിപ്പിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മോഹൻലാലിൻറെ തന്നെ ചിത്രമായ തുടരും, നസ്ലെൻ ചിത്രമായ ആലപ്പുഴ ജിംഖാന, മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക, ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്നീ സിനിമകളുടെ ട്രെയ്‌ലറുകളാണ് എമ്പുരാനൊപ്പം എത്തുന്നത്. ഇതിൽ തുടരും, ആലപ്പുഴ ജിംഖാന, ബസൂക്ക എന്നീ സിനിമകളുടെ ട്രെയ്‌ലർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിടും. മലയാളത്തിന്റെ ഏറ്റവും വലിയ സിനിമയോടൊപ്പം എത്തുമ്പോൾ അത് ഈ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാൻ സഹായകമാകും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു ദൃശ്യം മോഡൽ ചിത്രമാണ് തുടരും എന്നാണ് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലർ ആയിട്ടാണ് ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രം ഏപ്രിൽ 10 ന് തിയേറ്ററിലെത്തും.

തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആലപ്പുഴ ജിംഖാന. നസ്‌ലെൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഏപ്രിലിൽ സിനിമ പുറത്തിറങ്ങും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്. മെയിൽ ചിത്രം പുറത്തിറങ്ങും.

Content Highlights: More trailers to be attached with Empuraan

dot image
To advertise here,contact us
dot image