
ചിയാൻ വിക്രം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായ വീര ധീര സൂരൻ പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ തിയേറ്ററിലേക്ക്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള സ്റ്റേ നീക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് സിനിമയുടെ പ്രദർശനം ആരംഭിച്ചത്. വൈകുന്നേരം അഞ്ച് മണി മുതലാണ് ചിത്രം പ്രദർശനം തുടങ്ങിയത്.
ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്‌നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. തുടർന്ന് സിനിമയുടെ മോണിങ് നൂൺ ഷോകൾ ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചു. തുടർന്നാണ് പ്രദർശനം ആരംഭിക്കാനായത്. കിരീടം, സ്ഫടികം പോലെ വളരെ 'റോ' ആയിട്ടുള്ള സിനിമയാണ് വീര ധീര സൂരൻ. ഒരു മലയാള സിനിമയുടെ ഫീൽ സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് വിക്രം ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ച് പറഞ്ഞത്.
'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Veera Dheera Sooran issues sorted and shows started