
എമ്പുരാന്‍ സിനിമയുടെ റിലീസ് സിനിമാഗ്രൂപ്പുകളും കടന്നുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്.
അത്തരത്തിലുള്ള ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എഴുതിയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 'എമ്പുരാന്‍ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലര്‍ക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്ടപ്പെട്ടു' എന്നാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളത്.
Saffron Comrade (Modi Ka Pariwar) എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റാണ് ബല്‍റാം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സയീദ് മസൂദിന്റെ കഥയാണ് എമ്പുരാന്‍ പറയുന്നതെന്നും ഗുജറാത്ത് കലാപമടക്കമുള്ള പലതും സിനിമയിലുണ്ടെന്നും എഴുതിയിട്ടുണ്ട്. ചില സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സിനിമയ്‌ക്കെതിരെ സംസാരിച്ച് രംഗത്തുവരുന്നുണ്ട്.
അതേസമയം, ഇന്റര്‍നാഷണല്‍ നിലവാരുമുള്ള മേക്കിങ്ങാണ് എമ്പുരാന്റേത് എന്നാണ് ആദ്യ ഷോയ്ക്ക് ശേഷം ഉയരുന്ന പ്രതികരണങ്ങള്‍. കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ മുരളി ഗോപി മികച്ച രീതിയില്‍ തിരക്കഥയില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്.
ദീപക് ദേവിന്റെ സംഗീതം തിയേറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.
മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും അബ്രാം ഖുറേഷിയും സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്നുവെന്ന് പറയുന്നവരും ഏറെയാണ്. സ്‌ക്രീന്‍ടൈം കുറവാണെങ്കിലും വരുന്ന രംഗങ്ങളെല്ലാം മോഹന്‍ലാല്‍ ആരാധകരില്‍ രോമാഞ്ചമുണര്‍ത്തുന്നതാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlights: VT Balram about Empuraan movie and Sangh Pariwar