
എമ്പുരാന്‍ സിനിമയുടെ റിലീസ് സിനിമാഗ്രൂപ്പുകളും കടന്നുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍.
മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാമസിംഹൻ ഇത് കുറിച്ചത്. 2009ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ ആളാണ് പൃഥ്വിരാജെന്നും ജിഹാദിയാണെന്നുമാണ് പൃഥ്വിരാജിനെക്കുറിച്ചുള്ള ആരോപണം.
അതേസമയം ചിത്രത്തെയും പൃഥ്വിരാജിനെയും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെ കുറിച്ച് ചിത്രം പ്രതിബാധിക്കുന്നുണ്ട്. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകളില്‍ പറയുന്നത്. ഇക്കാലത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ചെറിയ ധൈര്യം പോരന്നും പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ആന്റണി പെരുമ്പാവൂരുമടക്കം എല്ലാ അണിയറപ്രവർത്തകരും ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും നിരവധി പേർ അഭിപ്രായം പറയുന്നുണ്ട്.
Content Highlights: Mohanlal should not continue in army anymore says ramasimhan