
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ പ്രദീപ് രംഗനാഥൻ അഭിനയിക്കുന്നത്. സിനിമയുടെ പൂജ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റു നായികമാർ. പുഷ്പ, ജനത ഗാരേജ് തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്രൂ, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. അതേസമയം, പ്രദീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ഡ്രാഗണിന്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ108.54 കോടിയാണ്. ഓവർസീസിൽ നിന്ന് ചിത്രം 32 കോടി നേടി. സിനിമയുടെ ആഗോള കളക്ഷൻ ഇപ്പോൾ 150 കോടിയാണ്. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.
Content Highlights: Pradeep ranganadhan next with mamitha baiju announced