
ദക്ഷിണേന്ത്യൻ സിനിമകൾക്കാണ് 'പാൻ ഇന്ത്യൻ' എന്ന വിശേഷണം ലഭിക്കുന്നതെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. ബാഹുബലി എന്ന സിനിമയുടെ വിജയത്തിന് ശേഷം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്വീകാര്യത ലഭിക്കുന്ന ദക്ഷിണേന്ത്യൻ സിനിമകളെ ഇങ്ങനെ വിളിക്കാൻ ആരംഭിച്ചു. എന്നാൽ നേരെ മറിച്ച് ബോളിവുഡ് സിനിമകൾക്ക് ദക്ഷിണേന്ത്യയില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്നും സൽമാൻ പറഞ്ഞു.
തന്റെ സിനിമകൾ ദക്ഷിണേന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ അവർ 'ഭായ്, ഭായ്' എന്ന് വിളിക്കും. എന്നാൽ തിയേറ്ററുകളിൽ പോയി തന്റെ സിനിമകൾ കാണില്ല. എന്നാൽ ഇവിടെ, ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. രജനികാന്ത്, ചിരഞ്ജീവി, സൂര്യ, രാംചരണ്‍ തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ തങ്ങൾ കാണും. എന്നാൽ ഇവരുടെ ആരാധകർ തങ്ങളുടെ സിനിമകൾ കാണാറില്ലെന്ന് സൽമാൻ പറഞ്ഞു. പുതിയ ചിത്രമായ സിക്കന്ദറിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഈദ് റിലീസായി 2025 മാർച്ച് 30 ന് സിക്കന്ദർ പുറത്തിറങ്ങും. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം.
Content Highlights: Salman Khan talks about South Indian movies