അയാളായിരുന്നു പക്കാ വില്ലൻ, സ്റ്റീഫനൊത്ത എതിരാളി; എമ്പുരാൻ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയായി ബോബി

മികച്ച ക്യാരക്റ്റർ ആർക്ക് ആണ് ബോബിയുടേതെന്നും വിവേക് ഒബ്‌റോയ് വളരെ ഗംഭീരമായിട്ടാണ് ആ കഥാപാത്രം അവതരിപ്പിച്ചതെന്നുമാണ് കമന്റുകൾ

dot image

മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മികച്ച പ്രതികരണം നേടുന്ന ചിത്രം ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. പൃഥ്വിരാജിന്റെ മേക്കിങ്ങിനും മോഹൻലാലിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് പിന്നാലെ ചർച്ചയാകുകയാണ് ലൂസിഫറിൽ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലൻ കഥാപാത്രം.

മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേക്ഷകരെ കൈയിലെടുത്ത കഥാപാത്രമാണ് ബോബിയെന്നും രണ്ടാം ഭാഗമായ എമ്പുരാനിൽ അത്തരമൊരു വില്ലനെയാണ് മിസ് ചെയ്തതെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. മികച്ച ക്യാരക്റ്റർ ആർക്ക് ആണ് ബോബിയുടേതെന്നും വിവേക് ഒബ്‌റോയ് വളരെ ഗംഭീരമായിട്ടാണ് ആ കഥാപാത്രം അവതരിപ്പിച്ചതെന്നുമാണ് കമന്റുകൾ. സ്റ്റീഫനും, ഖുറേഷിക്കും ഒപ്പം തന്നെ ആ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ബോബി വലിയ പങ്കാണ് വഹിച്ചതെന്നും അത്തരത്തിൽ നായകനൊത്ത എതിരാളി എമ്പുരാനിൽ ഇല്ലായിരുന്നു എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ലൂസിഫറിൽ വിവേകിനായി ഡബ് ചെയ്ത നടൻ വിനീതിനും വലിയ കയ്യടികളാണ് ലഭിച്ചത്.

അതേസമയം, എമ്പുരാന് പല തിയേറ്ററുകളിലും മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം പോലെ തന്നെ രണ്ടാം ദിനവും എല്ലായിടത്തും തിരക്കേറുന്നുണ്ട്. കണക്കുകൾ പ്രകാരം ചിത്രം രണ്ടാം ദിനത്തിൽ കേരളത്തില്‍ ഇതുവരെ നേടിയത് 7.06 കോടിയാണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ തുടർച്ചയായി രണ്ട് ദിവസവും സിനിമയുടെ കളക്ഷൻ 10 കോടിക്ക് മുകളിലാകും. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്.

Content Highlights: Vivek Obreoi's Bobby gets appreciation after Empuraan release

dot image
To advertise here,contact us
dot image