ഇതാണ് ആമിർ ഖാനെ 'പുറത്താക്കിയ' ലാപതാ ലേഡീസ് ഓഡിഷൻ!; വൈറലായി വീഡിയോ

രവി കിഷന് യോജിച്ച വേഷമായിരുന്നു ശ്യാം മനോഹർ എന്നും ആമിറിനെക്കാൾ മികച്ചതായി ആണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും വീഡിയോയ്ക്ക് ചുവടെ കമന്റുകൾ കാണാം.

dot image

കിരൺ റാവു സംവിധാനം ചെയ്ത് നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് ഏറെ നിരൂപക-പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു. ചിത്രത്തിൽ രവി കിഷൻ അവതരിപ്പിച്ച എസ് ഐ ശ്യാം മനോഹർ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആമിർ ഖാനെ ആയിരുന്നു ആദ്യം ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് അത് രവി കിഷനിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായി ഓഡീഷൻ ചെയ്യുന്ന ആമിർ ഖാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൊലീസ് യൂണിഫോമിൽ കഥാപാത്രത്തിന്റെ മാനറിസങ്ങൾ അനുകരിച്ച് അഭിനയിക്കുന്ന ആമിറിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. തന്റെ ഏറ്റവും പുതിയ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ രവി കിഷന് പിന്തുണയുമായി ആമിർ ആരാധകർ അടക്കമെത്തി. രവി കിഷന് യോജിച്ച വേഷമായിരുന്നു ശ്യാം മനോഹർ എന്നും ആമിറിനെക്കാൾ മികച്ചതായി ആണ് അദ്ദേഹം അതിനെ അവതരിപ്പിച്ചതെന്നും കമന്റുകൾ എത്തി. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാനും രവി കിഷനാണ് ആ റോളിന് മികച്ചതെന്ന് സമ്മതിച്ചു എന്നതാണ് ഏറ്റവും മികച്ച കാര്യം എന്നാണ് മറ്റൊരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഒരു ട്രെയിന്‍ യാത്രയില്‍ പരസ്പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്ത്രീകളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 25 കോടിയോളമാണ് സിനിമ നേടിയിരുന്നത്.

Content Highlights: Aamir Khans audition video from Laapatha ladies goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us