'എന്താ മോനേ.. ഹൗ ആര്‍ യൂ’; എമ്പുരാൻ ഷൂട്ടിനിടെ മോഹൻലാലിനെ കണ്ട അനുഭവം പങ്കുവെച്ച് കാർത്തികേയ ദേവ്

ഞാന്‍ സത്യത്തില്‍ അദ്ദേഹത്തോട് ഒരു ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ. പക്ഷെ അദ്ദേഹം ആദ്യം എന്നെ കാണുകയും എന്റെ അടുത്തേക്ക് വന്ന് സംസാരിക്കുകയും ചെയ്തു

dot image

എമ്പുരാനിൽ സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ച നടനാണ് കാർത്തികേയ ദേവ്. 2023ല്‍ പ്രഭാസിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിലും കാര്‍ത്തികേയ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലും പൃഥ്വിയുടെ ചെറുപ്പം തന്നെയായിരുന്നു കാര്‍ത്തികേയ ചെയ്തത്. ഇപ്പോഴിതാ എമ്പുരാന്റെ ഷൂട്ടിനിടെ ലാലേട്ടനെ കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് കാർത്തികേയ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തികേയ ദേവ് ഇക്കാര്യം പറഞ്ഞത്

'ഞാന്‍ ആദ്യമായി ലാലേട്ടനെ കാണുന്നത് എമ്പുരാന്റെ ഷൂട്ടിങ്ങിന്റെ ഇടയിലായിരുന്നു. ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ സമയത്ത് അവര്‍ അവിടെ മറ്റൊരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ അവരെ നോക്കി നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ പെട്ടെന്ന് എന്റെ നേരെ നോക്കി കൈ വീശി കാണിച്ചു. ഞാന്‍ അദ്ദേഹം മറ്റാരെയോ ആകും കൈ വീശി കാണിക്കുന്നതെന്ന് കരുതി പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും ലാലേട്ടനെ നോക്കിയപ്പോള്‍ അദ്ദേഹം നിന്റെ നേരെ തന്നെയാണ് കൈ വീശിയതെന്ന മട്ടില്‍ എന്റെ നേരെ കൈ ചൂണ്ടി കാണിച്ചു.

ഞാന്‍ സത്യത്തില്‍ അദ്ദേഹത്തോട് ഒരു ഹായ് പറയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ. പക്ഷെ അദ്ദേഹം ആദ്യം എന്നെ കാണുകയും എന്റെ അടുത്തേക്ക് വന്ന് സംസാരിക്കുകയും ചെയ്തു. എന്നോട് ലാലേട്ടന്‍ ഹായ് പറഞ്ഞതും എന്തൊരു മനുഷ്യനാണ് ഇതെന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ചെന്നിട്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ലാലേട്ടന്‍ എന്നോട് അപ്പോള്‍ ചോദിച്ചത് 'എന്താ മോനേ. ഹൗ ആര്‍ യൂ’ എന്നായിരുന്നു', കാർത്തികേയ ദേവ് പറയുന്നു.

അതേസമയം, എമ്പുരാൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് 48 മണിക്കൂർ പിന്നിടും മുന്നേ ചിത്രം 100 കോടി ക്ലബിൽ ഇടം നേടി. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം പോലെ തന്നെ രണ്ടാം ദിനവും എല്ലായിടത്തും തിരക്കേറുന്നുണ്ട്. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.

Content Highlights: Actor Karthikeya Dev share experience of meeting Mohanlal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us