
മതേതരത്വത്തിന്റെ സന്ദേശം നൽകുന്ന സിനിമയാണ് എമ്പുരാനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. രാഷ്ട്രീയസിനിമയായും വേണമെങ്കില്‍ എമ്പുരാനെ കാണാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോഹൻലാലിനെ പോലെ ഒരു ആക്ടറെ വെച്ചുമാത്രമേ ഇത്തരത്തിലൊരു സിനിമ എടുക്കാന്‍ പറ്റുകയുള്ളൂ എന്നും ചിത്രം കണ്ടതിന് ശേഷം കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
'മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് എടുത്തുപറയേണ്ട കാര്യമാണ്. രാഷ്ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. പൊളിറ്റിക്കൽ സിനിമയായും എമ്പുരാനെ വേണമെങ്കില്‍ കാണാം. സിനിമകളില്‍ പല പാര്‍ട്ടികളേയും മുന്നണികളേയും വിമര്‍ശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട. സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാല്‍ മതി'.
മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ് എമ്പുരാൻ. ലാലേട്ടന്‍ ഗംഭീരമായിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനം അതിഗംഭീരമായിട്ടുണ്ട്. ഇന്ത്യയില്‍ അത്രയും നല്ലൊരു അഭിനേതാവില്‍ നിന്ന് ഇത്രയും നല്ല സംവിധാനത്തില്‍ ഒരു ചിത്രം നമുക്ക് ആദ്യമായാണ്. സ്‌ക്രിപ്‌റ്റൊക്കെ വളരെ ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ പ്രാദേശിക ഭാഷയിലെ നടന്മാരിൽ ഇത്രയും ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയുന്നത് ലാലേട്ടന് മാത്രമാണ്. ഇങ്ങനെയൊരു ത്രില്ലിങ് സിനിമ മലയാളത്തില്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. ആ ഒരു ആക്ടറെ വെച്ചുമാത്രമേ ഇത്തരത്തിലൊരു സിനിമ എടുക്കാന്‍ പറ്റുകയുള്ളൂ. സിനിമയുടെ ട്രീറ്റ്‌മെന്റ് വേറൊരു തരത്തിലാണ്. സാധാരണ സിനിമ കാണുന്നപോലെയല്ല. ശ്രദ്ധയോടെ കണ്ടിരുന്നാല്‍ രസകരമായി തോന്നും'.
'നല്ല സ്‌ക്രിപ്റ്റാണ് പടത്തിന്റേത്. പടത്തിന് അല്പം നീളം കൂടുതലാണെന്ന് തോന്നും. ആക്ഷന്‍ പാക്ക്ഡ് മൂവി ആണ്. ലോകത്തെ പല രാജ്യങ്ങളിലും പോയി ഷൂട്ട് ചെയ്ത്, കണക്ട് ചെയ്തുവരുന്ന സ്‌റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലേ മനസിലാവൂ. അത് മനസിലാക്കിയാല്‍ ത്രില്ലിങ് സിനിമയാണ്', ഗണേഷ് കുമാർ പറഞ്ഞു.
ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. പല തിയേറ്ററുകളിലും മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.
Content Highlights: KB Ganesh Kumar talks about Empuraan movie