കേരള ബോക്സ് ഓഫീസ് ഏട്ടനും അനിയനും സ്വന്തം; ആദ്യ അഞ്ച് സ്ഥാനങ്ങൾ തൂക്കി മോഹൻലാൽ വിജയ് സിനിമകൾ

മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ മോഹൻലാൽ സിനിമയായ ഒടിയൻ ആണ് ലിസ്റ്റിൽ നാലാം ഇടം കൈക്കലാക്കിയിരിക്കുന്നത്

dot image

ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. റിലീസ് ചെയ്ത് 48 മണിക്കൂർ പിന്നിടും മുന്നേ ചിത്രം 100 കോടി ക്ലബിൽ ഇടം നേടി. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ആദ്യ ദിവസം കേരളത്തിൽ നിന്ന് ചിത്രം 14.07 കോടിയാണ് നേടിയത്. കേരള ബോക്സ് ഓഫീസിൽ നിന്നും ഒരു ചിത്രം ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. വിജയ് ചിത്രമായ ലിയോയുടെ നേട്ടമാണ് ഇതോടെ മോഹൻലാൽ മറികടന്നത്.

കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളും കൈക്കലാക്കിയിരിക്കുന്നത് മോഹൻലാൽ, വിജയ് സിനിമകളാണ്. എമ്പുരാൻ ഒന്നാം സ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുമ്പോൾ വിജയ്‌യുടെ ലിയോ 12 കോടിയുമായി തൊട്ടുപിന്നാലെയുണ്ട്. പ്രശാന്ത് നീൽ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ആണ് മൂന്നാം സ്ഥാനത്ത്. യഷ് നായകനായി എത്തിയ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത് 7.30 കോടിയാണ്.

മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ മോഹൻലാൽ സിനിമയായ ഒടിയൻ ആണ് ലിസ്റ്റിൽ നാലാം ഇടം കൈക്കലാക്കിയിരിക്കുന്നത്. ഹർത്താൽ ദിവസം തിയേറ്ററുകളിൽ എത്തിയിട്ടും സിനിമ വാരിക്കൂട്ടിയത് 7.25 ആയിരുന്നു. അതുവരെയുള്ള മലയാളം സിനിമയുടെ ഏറ്റവും ഉയർന്ന റെക്കോർഡ് ആയിരുന്നു ഇത്. നെൽസൺ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബീസ്റ്റ് ആണ് അഞ്ചാം സ്ഥാനത്ത്. 6.70 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ.

അതേസമയം, എമ്പുരാന് പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍.

Content Highlights: Mohanlal Vijay movies dominate kerala box office

dot image
To advertise here,contact us
dot image