
വിവാദങ്ങൾക്കിയിലും ആഗോളതലത്തിൽ കുതിപ്പ് തുടർന്ന് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. റിലീസ് ചെയ്ത് മൂന്നുദിവസം കൊണ്ട് ഓവർസീസിൽ നിന്ന് 10 മില്യണിലധികം ഡോളറാണ് (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ചിത്രം നേടിയിരിക്കുന്നത്. മോഹന്‍ലാലാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. 58 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ചിത്രം നേടിയത്. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
അതേസമയം എമ്പുരാൻ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.
Content Highlights: Empuraan crosses 10 million dollar from over seas