നാളെ പുലര്‍ച്ചെ 4.30ന് എമ്പുരാന്‍ ഷോ; സ്‌പെഷ്യല്‍ ഷോയുമായി രാഗം തിയേറ്റര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്.

dot image

തൃശൂര്‍: മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത കുതിപ്പ് നടത്തുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം വിവാദങ്ങള്‍ക്കിടയിലും കളക്ഷനില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി നേടിക്കഴിഞ്ഞു. പല തിയേറ്ററുകളിലും മാരത്തോണ്‍ ഷോകളാണ് സിനിമയ്ക്കായി നടത്തുന്നത്. അതിന്റെ തെളിവാണ് ചിത്രം പുറത്തിറങ്ങി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ തൃശൂര്‍ രാഗം തിയേറ്ററില്‍ പുലര്‍ച്ചെ 4.30ന് നടത്തുന്ന ഷോ. 31ന് പുലര്‍ച്ചെയാണ് സ്‌പെഷ്യല്‍ ഷോ തിയേറ്ററില്‍ നടക്കുന്നത്. ഇത് പോലെ നിരവധി സ്‌പെഷ്യല്‍ ഷോകളാണ് കേരളമെമ്പാടും നടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്. 345.11k ടിക്കറ്റാണ് സിനിമ വിറ്റഴിച്ചത്. ഇത് എമ്പുരാനൊപ്പം റിലീസ് ചെയ്ത മറ്റു സിനിമകളെക്കാള്‍ കൂടുതലാണ്. വിക്രം ചിത്രമായ വീര ധീര സൂരന്‍ 24 മണിക്കൂറില്‍ 117.6k ടിക്കറ്റ് വിറ്റപ്പോള്‍ സല്‍മാന്‍ ചിത്രമായ സിക്കന്ദര്‍ 121.02k ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്. തെലുങ്ക് ചിത്രമായ മാഡ് സ്‌ക്വയര്‍ എന്ന സിനിമയ്ക്കും എമ്പുരാനൊപ്പം എത്താനായില്ല. 150k ടിക്കറ്റ് ആണ് മാഡ് വിറ്റുതീര്‍ത്തത്. ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്. അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ഈ വേളയില്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 ഗ എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മണിക്കൂറില്‍ 28.29 ഗ എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us