'എമ്പുരാൻ ഉഗ്രൻ പടം', ലൈവിന് പിന്നാലെ വൈറലായി ചിത്രം കണ്ട മേജർ രവിയുടെ മുൻപ്രതികരണം; ഇരട്ടത്താപ്പെന്ന് വിമർശനം

എമ്പുരാൻ എന്ന സിനിമ റിലീസിന് മുമ്പ് മോഹൻലാൽ കണ്ടിട്ടില്ലെന്നും നടൻ മാപ്പ് പറയുമെന്നുമാണ് മേജർ രവി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്.

dot image

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് അരങ്ങേറുന്നത്. ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ആണ് സിനിമയ്‌ക്കെതിരെ ഉയരുന്നത്. ഈ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ മേജർ രവി ഇന്നലെ രംഗത്തെത്തിയിരുന്നു. എമ്പുരാൻ എന്ന സിനിമ റിലീസിന് മുമ്പ് മോഹൻലാൽ കണ്ടിട്ടില്ലെന്നും നടൻ മാപ്പ് പറയുമെന്നുമാണ് മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. എന്നാൽ ഇതിന് പിന്നാലെ ചിത്രം കണ്ടെന്ന് മോഹൻലാൽ പറയുന്ന പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എമ്പുരാന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ചാണ് മോഹൻലാൽ ചിത്രം കണ്ടെന്ന് പറയുന്നത്. ഇതിന് പിന്നാലെ മേജർ രവിക്കെതിരെ സോഷ്യൽ മീഡിയയിലാകെ വിമർശനങ്ങൾ ഉയരുകയാണ്. ഇതിനൊപ്പം തന്നെ എമ്പുരാൻ കണ്ടിറങ്ങിയതിന് ശേഷമുള്ള മേജർ രവിയുടെ പ്രതികരണവും ഇപ്പോൾ പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഉഗ്രൻ പടമാണെന്നും ഇങ്ങനെയൊരു പടം ചെയ്യാൻ കഴിഞ്ഞ പൃഥ്വിരാജ് ഭാഗ്യവാൻ ആണെന്നുമാണ് മേജർ രവി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് തികച്ചും ഇരട്ടത്താപ്പാണെന്നും മോഹൻലാലിനോട് പൃഥ്വിരാജ് മുഴുവൻ കഥയും പറഞ്ഞില്ലെന്നത് വിശ്വസിക്കാൻ കഴിയില്ല എന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെ നേരത്തെ പറഞ്ഞിരുന്നു, പടത്തിന്റെ കഥ അറിയാവുന്നവർ മോഹൻലാൽ ഉൾപ്പെടെ അഞ്ച് പേരാണെന്ന്. എന്നിട്ടും അത് മോഹൻലാലിന് അറിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്.

Also Read:

'എന്നെ വിശ്വസിക്കൂ അദ്ദേഹം പടം കണ്ടിട്ടില്ല. അദ്ദേഹത്തിന് മാനസികമായി വളരെയധികം വിഷമമുണ്ട്. ആ സിനിമയിൽ ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമായ രംഗങ്ങൾ കട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് ഞാൻ കേട്ടത്. മോഹൻലാൽ അത് ചെയ്തിട്ടുണ്ടെങ്കിൽ അവിടെയാണ് മോഹൻലാൽ ജസ്റ്റിഫിക്കേഷൻ നൽകിയിരിക്കുന്നത്. മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും. ആ സിനിമയുടെ കണ്ടന്റിൽ പ്രശ്നങ്ങളുണ്ട്. എന്നാൽ മോഹൻലാൽ ആ സിനിമയിൽ വരുന്നത് ഒരു മണിക്കൂറിന് ശേഷമാണ്. അതിന് മുന്നേയാണ് ഈ പ്രശ്നങ്ങൾ കാണിച്ചിരിക്കുന്നത്. ഞാൻ അറിയുന്ന മോഹൻലാൽ മാപ്പ് പറയും. എനിക്ക് അത് ഉറപ്പുണ്ട്,' എന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ മേജർ രവി പറഞ്ഞത്.

അതേസമയം, സിനിമയിൽ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Content Highlights: Major Ravi's Empuraan response goes viral director gets trolled

dot image
To advertise here,contact us
dot image