'അന്ന് മാപ്പ് പറഞ്ഞില്ല, പകരം വിജയ് മീശ പിരിച്ചു'; എമ്പുരാൻ വിവാദങ്ങൾക്കിടയിൽ ചർച്ചയായി മെർസൽ

പണ്ട് വിവാദങ്ങൾക്കിടയിൽ വിജയ് മെര്‍സലിലെ മീശ പിരിക്കുന്ന രംഗം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി മറുപടി നൽകിയെന്നും ആരാധകർ പറയുന്നു

dot image

എമ്പുരാൻ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണവും മോഹൻലാലിന്റെ ഖേദപ്രകടനവും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷമായിരിക്കുകയാണ്. എമ്പുരാനിലെ ചില രംഗങ്ങളും ചില കഥാപാത്രങ്ങളുമാണ് സംഘപരിവാർ ആക്രമണങ്ങൾക്ക് കാരണം. തുടർന്ന് മോഹൻലാൽ ഇതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിമർശനങ്ങൾക്ക് കാരണമായ രംഗങ്ങൾ നീക്കം ചെയ്യുന്നതായും മോഹൻലാൽ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ വിജയ് നായകനായ ചിത്രം മെർസൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മെഡിക്കൽ രംഗത്ത് നടക്കുന്ന ക്രമക്കേടുകൾക്കെതിരെയാണ് സിനിമ സംസാരിച്ചത്. ഇതിലെ ഒരു രംഗത്തിൽ ഓക്സിജന്റെ ലഭ്യത കുറവ് കൊണ്ട് കുട്ടികൾ മരണപ്പെട്ട സംഭവവും മരുന്നുകള്‍ക്ക് അമിത ജിഎസ്ടി ഏർപ്പെടുത്തുന്നതിനെക്കുറിച്ചുമെല്ലാം നായക കഥാപാത്രം സംസാരിക്കുന്നുണ്ട്. ആ സമയം ഈ രംഗം വലിയ രീതിയിൽ സംഘപരിവാറില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു.

വിജയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ പോലും ഉണ്ടായിരുന്നു. ജിഎസ്ടിയെപ്പറ്റി പറയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യം ഉയർന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് ചെയ്തില്ല എന്നും വിജയ് ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല എന്നുമാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഈ വിവാദങ്ങൾക്കിടയിൽ വിജയ് മെര്‍സലിലെ മീശ പിരിക്കുന്ന രംഗം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചറാക്കി മറുപടി നൽകിയെന്നും ആരാധകർ പറയുന്നു.

അതേസമയം ഇന്ന് പകലാണ് എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചത്. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.

Content Highlights: Mersal becomes talk after Empuraan issue

dot image
To advertise here,contact us
dot image