
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് സൽമാൻ ഖാൻ നായകനായിനെത്തുന്ന ആക്ഷൻ ചിത്രമാണ് സിക്കന്ദർ. ആരാധകർ വളരെയധികം കാത്തിരിക്കുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അടുത്തിടെ സൽമാൻ ഖാൻ മാധ്യമങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബോളിവുഡ് നേരിടുന്ന പ്രതിസന്ധി അടക്കം വിശദമായി സംസാരിച്ച സല്‍മാന്‍ ഖാന്‍ രാജ്യത്തെ തിയേറ്ററുകളില്‍ കർണാടക സർക്കാർ ഏര്‍പ്പെടുത്തിയ പോലെ സിനിമാ ടിക്കറ്റുകൾക്ക് പരമാവധി 200 രൂപ എന്ന രീതിയില്‍ പരിധി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
'സിനിമാ ടിക്കറ്റുകളുടെ വിലയ്ക്ക് ഒരു പരിധി വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം തിയേറ്ററിൽ ലഭിക്കുന്ന പോപ്‌കോണിന്റെയും പാനീയങ്ങളുടെയും വിലയിൽ ഒരു പരിധി വേണം. നിർമാതാവിനും അതിൽ നിന്ന് ഒരു വിഹിതം ലഭിക്കുകയും വേണം. നമ്മുടെ രാജ്യത്ത് കുറഞ്ഞത് 20,000+ തിയേറ്ററുകളുടെ കുറവുണ്ട്. ഞങ്ങളുടെ സിനിമ വെറും 6000 സ്‌ക്രീനുകളിൽ മാത്രമാണ് റിലീസ് ചെയ്യുന്നത്. രാജസ്ഥാനിലെ മാണ്ടവയിൽ ഞങ്ങൾ ബജ്രംഗി ഭായിജാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു, ആ പട്ടണത്തില്‍ തന്നെ 100 കോടീശ്വരന്മാര്‍ എങ്കിലും ഉണ്ട്. പക്ഷെ ആ പട്ടണത്തിൽ ഒരു തിയേറ്റർ പോലും ഇല്ല. ഒരു സിനിമ കാണാൻ അവര്‍ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം. രാജ്യത്ത് സിനിമാ ഹാളുകളുടെ കുറവുണ്ട്', സൽമാൻ ഖാൻ പറഞ്ഞു.
മാസ് സിനിമയും ക്ലാസ് സിനിമയും തമ്മിലുള്ള വേർതിരിവ് ഇപ്പോൾ ഇല്ലാതായിരിക്കുന്നെന്നും ഇപ്പോൾ മൾട്ടിപ്ലെക്സുകളിൽ പോലും ആളുകൾ വിസിലടിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും സൽമാൻ പറഞ്ഞു. 'സിംഗിള്‍ സ്ക്രീനില്‍ വലിയ ആരാധക ബഹളത്തില്‍ സിനിമ കാണുവാന്‍ ആളുകള്‍ക്ക് താൽപര്യമാണ്. അതിനാല്‍ മള്‍ട്ടിപ്ലെക്സ് വിട്ട് ഇത്തരം സ്ക്രീനുകളില്‍ സിനിമ കാണാന്‍ വരുന്നവരും ഉണ്ട്', സൽമാൻ കൂട്ടിച്ചേർത്തു.
അതേസമയം, റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സിക്കന്ദറിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി ആണ് റിപ്പോർട്ട്. ടെലഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിക്കന്ദറിന്റെ ഓവർസീസ് പ്രീമിയർ ഷോകൾ ഇന്നലെ നടന്നിരുന്നു. ഇവിടെ നിന്നാകാം സിനിമയുടെ പ്രിന്റ് ലീക്ക് ആയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
Content Highlights: Salman talks about ticket price in theatres