'കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന ഭാഗങ്ങൾ കൂടി വെട്ടി മാറ്റുമോ? ഇല്ല അല്ലേ!'; വിമർശിച്ച് ടി സിദ്ദിഖ്

മോഹൻലാലിന്റെ ഫേസ് ബുക്ക് കുറിപ്പിന് ചുവടെയാണ് വിമർശനവുമായി ടി സിദ്ദിഖ് രംഗത്തെത്തിയത്.

dot image

എമ്പുരാൻ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വിമർശനങ്ങൾക്ക് കാരണമായ രംഗങ്ങൾ നീക്കം ചെയ്യുന്നതായും മോഹൻലാൽ അറിയിച്ചിരുന്നു. ഈ പ്രതികരണത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്.

'സംഘ്പരിവാറിന് താല്പര്യമില്ലാത്ത സീനുകൾ വെട്ടി മാറ്റി എമ്പുരാൻ വരുമ്പോൾ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന ഭാഗങ്ങൾ കൂടി വെട്ടി മാറ്റുമോ? ഇല്ല അല്ലേ..! അങ്ങനെ വെട്ടിയാൽ 3 മണിക്കൂർ സിനിമ 3 മിനുറ്റുള്ള റീൽസ് ആയി കാണാം,' എന്നാണ് ടി സിദ്ദിഖ് പ്രതികരിച്ചത്. മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിന് താഴെ കമന്റായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ടി സിദ്ദിഖിന്റെ പ്രതികരണം

ഏതാനും മണിക്കൂറുകൾക്ക് മുന്നേയാണ് എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചത്. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാൽ പങ്കുവെച്ച പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്യുകയുമുണ്ടായി. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ പറയുന്നത്. ഈ ലേഖനവും വിവാദമായി.

Content Highlights: T Siddique comments on Mohanlal's apology letter on Empuraan issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us