
എമ്പുരാനില്‍ സയീദ് മസൂദിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് മലയാളി മനസില്‍ ഇടംനേടിയിരിക്കുകയാണ് കാര്‍ത്തികേയ ദേവ്. തെലുങ്കിലെ യുവതാരമായ കാര്‍ത്തികേയ ദേവിന്റെ ആദ്യ മലയാളച്ചിത്രമാണ് എമ്പുരാന്‍.
നേരത്തെ തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ സലാറിലും പൃഥ്വിരാജിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് കാര്‍ത്തികേയ ആയിരുന്നു. സലാറിലെ പ്രകടനം കണ്ടാണ് പൃഥ്വിരാജ് എമ്പുരാനിലേക്ക് കാര്‍ത്തികേയയെ ക്ഷണിച്ചത്.
സയീദ് മസൂദിന്റെ കുട്ടിക്കാലം വരുന്ന ഗുജറാത്ത് സീനുകളെ കുറിച്ചും അവയുടെ തയ്യാറെടുപ്പുകളെ കുറിച്ചും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തികേയ സംസാരിച്ചു.
'ആദ്യം കണ്ടപ്പോള്‍ തന്നെ ഗുജറാത്ത് സീനാണ് സിനിമയുടെ കാതല്‍ എന്ന് പൃഥ്വി സാര്‍ പറഞ്ഞിരുന്നു. ഗുജറാത്തില്‍ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പും അദ്ദേഹം അത് പറഞ്ഞിരുന്നു. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സീനായതിനാല്‍ എല്ലാവരുടെയും ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കഥാപാത്രവും അച്ഛനായ മസൂദിന്റെ കഥാപാത്രവും എങ്ങനെയാണെന്നതടക്കം ഓരോ സീനും വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞുതന്നു. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സീനുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു,' കാര്‍ത്തികേയ പറഞ്ഞു.
നരേഷന്‍ കേട്ടാണോ സിനിമ ചെയ്യാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തോട് ഇങ്ങനെയൊരു പ്രോജക്ടിനോട് ആരെങ്കിലും നോ പറയുമോ എന്നായിരുന്നു കാര്‍ത്തികേയയുടെ മറുപടി. പൃഥ്വിരാജ് സാര്‍ സംവിധാനം ചെയ്ത്, ലാലേട്ടന്‍ നായകനാകുന്ന ചിത്രത്തോട് യെസ് എന്നല്ലാതെ മറ്റൊന്നും താന്‍ പറയില്ല എന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു.
Content Highlights: Karthikeya Dev about Prithviraj and Gujarat scenes in Empuraan movie