
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മുരളി ഗോപിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മെർസൽ സിനിമ വിവാദത്തിന് പിന്നാലെ മുരളി ഗോപി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലികാവകാശമാണെന്നും ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മുരളി ഗോപി ഈ പോസ്റ്റിൽ പറയുന്നു. മെർസൽ എന്ന ഹാഷ്ടാഗിനൊപ്പമാണ് മുരളി ഗോപി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലികാവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല.
അതേസമയം എമ്പുരാന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുരളി ഗോപി പരസ്യപ്രതികരണത്തിന് തയ്യാറാവാത്തത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ചെറിയ പെരുന്നാള്‍ ആശംസകൾ നിരന്നതും വൈറലായി.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Murali Gopy old post viral in social media